എറണാകുളം : വൻ നികുതി വെട്ടിപ്പ് നടത്തിയ ആക്രി വ്യാപാരി അറസ്റ്റിൽ. 30 കോടിയേറെ രൂപയുടെ നികുതിവെട്ടിപ്പാണ് ഇയാൾ നടത്തിയിരിക്കുന്നത്. 200 കോടിയുടെ ഇടപാടുകളിൽ നിന്നുമാണ് 30 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയിട്ടുള്ളത്. പാലക്കാട് ഓങ്ങല്ലൂര്‍ പാലക്കുറിശ്ശി പുത്തന്‍പീടിക വീട്ടില്‍ നാസറിനെയാണ് ജി.എസ്.ടി വകുപ്പ് അറസ്റ്റ് ചെയ്തത്.
എണ്‍പതോളം വ്യാജ രജിസ്ട്രേഷനുകളിലൂടെ ആണ് ഇയാൾ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയത്. വ്യാജ രജിസ്ട്രേഷനുകൾ നിര്‍മ്മിച്ച് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിയെടുത്താണ് ഇയാള്‍ നികുതി വെട്ടിച്ചിരുന്നത്. ഇടപ്പള്ളിയിലെ അമൃത ആശുപത്രി റിസപ്ഷന്‍ ലോഞ്ച് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പേരില്‍ പോലും നാസർ വ്യാജ രജിസ്ട്രേഷൻ നിർമ്മിച്ചിരുന്നു.
പാലക്കാട് ഓങ്ങല്ലൂരിൽ മൂന്ന് സ്ഥാപനങ്ങളാണ് നാസറിനുള്ളത്. ആക്രി വില്പനയുടെ മറവിൽ ഇയാൾ കോടികളുടെ ഇടപാടുകൾ നടത്തുന്നതായും വൻ നികുതിവെട്ടിപ്പ് നടത്തുന്നതായും സംശയമുയർന്നതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ജി.എസ്.ടി വകുപ്പ് ഇയാളുടെ സ്ഥാപനങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ നാസറിന്റെ വസതിയില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ജി.എസ്.ടി വകുപ്പ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് കൊച്ചിയിലെ ജി.എസ്.ടി ഓഫീസില്‍ എത്തിച്ചാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. പാലക്കാട് ഓങ്ങല്ലൂരിൽ സമാനമായ രീതിയിൽ കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയ മറ്റൊരു ആക്രി വ്യാപാരിയും നേരത്തെ അറസ്റ്റിലായിരുന്നു. ഓങ്ങല്ലൂര്‍ സ്വദേശിയായ ഉസ്മാനെ ജി.എസ്.ടി. ഇന്റലിജന്‍സ് ആണ് അന്ന് പിടികൂടിയിരുന്നത്.
Discussion about this post