എറണാകുളം: നടി ഹണി റോസിനെതിരെയുള്ള ലൈംഗികാധിക്ഷേപത്തിന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ നല്‍കിയ ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെ ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നല്കുകയായിരുന്നു. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും
തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയെ അറിയിച്ചു. മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി വ്യക്തമാക്കി.
എന്നാൽ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റിയ കോടതി
അടിയന്തരമായി ഹർജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ചു. പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്നും കോടതി ആരാഞ്ഞു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഉറപ്പു നൽകാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. മറുപടി പറയാൻ സർക്കാരിന് കോടതി സമയം നല്‍കിയിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിത അനുസരിച്ച് വകുപ്പ് 75, ഉപവകുപ്പ് 1ലെ 1, 4 വകുപ്പുകൾ പ്രകാരം ബോബി ചെമ്മണ്ണൂർ ലൈംഗിക താൽപര്യത്തോടെ സ്പർശിച്ചു എന്നും മോശം ഭാഷയിൽ സംസാരിച്ചു എന്നീ വകുപ്പുകള്‍ ആണ് ചേര്‍ത്തിരിക്കുന്നത്. ബോബിയെ കൊണ്ടുപോയ പോലീസ് വാഹനം തടഞ്ഞ സംഭവത്തിലും കേസ് എടുക്കും. കൃത്യനിർവഹണം തടസപ്പെടുത്താനുള്ള ശ്രമമെന്ന് വിലയിരുത്തിയാണ് നടപടിക്ക് പോലീസ് ഒരുങ്ങുന്നത്.
Discussion about this post