കൊച്ചി: കേരള കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ ഇടതുമുന്നണിയിലേക്ക് വരുന്നതിനെ വിമര്‍ശിച്ച് സിപിഐ. കേരള കോണ്‍ഗ്രസ് വിമതര്‍ നടത്തുന്നത് വിലപേശല്‍ തന്ത്രമെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു പറഞ്ഞു.
എല്‍ഡിഎഫിലേക്ക് പോകുന്നു എന്ന് പ്രചരിപ്പിച്ച് യുഡിഎഫില്‍ കൂടുതല്‍ സീറ്റ് നേടാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. വിമതരുമായി എല്‍ഡിഎഫ് ഘടകകക്ഷികള്‍ ആരും ചര്‍ച്ച നടത്തിയിട്ടില്ല. എല്‍ഡിഎഫും അവരുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരള കൊണ്ഗ്രസ് വിമത വിഭാഗം യുഡിഎഫ് വിട്ട് പുറത്ത് വരട്ടെയെന്നും അതിന് ശേഷം യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രതികരിച്ചു. നിലവില്‍ അവര്‍ യുഡിഫിന്റെ ഭാഗമാണ് എന്നും കാനം രാജേന്ദ്രന് പറഞ്ഞു.
കേരള കോണ്‍ഗ്രസില്‍ ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗം ഇടത് മുന്നണിയുമായി സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലാണ് വിമത നീക്കം. ആന്റണി രാജുവും ഡോ. കെ സി ജോസഫും പി സി ജോസഫും ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിട്ടുണ്ട്.
Discussion about this post