ന്യൂഡൽഹി : കേന്ദ്ര ബജറ്റിന് മുന്നോടിയായി എട്ടാം ശമ്പള കമ്മീഷന് അനുമതി നൽകി കേന്ദ്രമന്ത്രിസഭ. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷൻകാരുടെ അലവൻസുകളും പരിഷ്കരിക്കുന്നതാണ് കേന്ദ്രത്തിന്റെ ഈ പുതിയ തീരുമാനം. എട്ടാം ശമ്പള കമ്മീഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് ആണ് അറിയിച്ചത്. ഏഴാം ശമ്പള കമ്മീഷൻ ഇതിനകം നടപ്പാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഏഴാം ശമ്പള കമ്മീഷൻ്റെ കാലാവധി 2026ൽ അവസാനിക്കുന്നതിന് മുന്നോടിയായി ആണ് കേന്ദ്ര മന്ത്രിസഭയുടെ ഈ പുതിയ തീരുമാനം. എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാനുള്ള സർക്കാർ തീരുമാനം ഉപഭോഗം വർദ്ധിപ്പിക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.
എട്ടാം ശമ്പള കമ്മീഷൻ എത്രയും വേഗത്തിൽ നടപ്പിലാക്കുന്നതിനായി കമ്മീഷൻ അധ്യക്ഷനെ ഉൾപ്പെടെയുള്ള അംഗങ്ങളെ ഉടൻതന്നെ നിയമിക്കുമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. 10 വർഷം കൂടുമ്പോഴാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള ഘടന പരിഷ്കരിക്കുന്നതിനായി ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത്. 2016 ൽ ആയിരുന്നു ഏഴാം ശമ്പള കമ്മീഷൻ രൂപീകരിച്ചിരുന്നത്. നിലവിലെ കണക്കനുസരിച്ച് 49 ലക്ഷത്തിലധികം കേന്ദ്ര സർക്കാർ ജീവനക്കാരും 65 ലക്ഷത്തോളം പെൻഷൻകാരുമാണ് രാജ്യത്തുള്ളത്.
Discussion about this post