തായ്‌പേയ് സിറ്റി: തായ്‌വാനിൽ ശക്തമായ ഭൂചലനം. നിരവധി പേർക്ക് പരിക്കേറ്റു. റിക്ടർ സ്‌കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങൾക്കും കേടുപാടുകൾ ഉണ്ടായി.
ഇന്നലെ അർദ്ധരാത്രി 12.17 ഓടെ ആയിരുന്നു സംഭവം. പ്രകമ്പനത്തോടെ ആയിരുന്നു ഭൂചലനം ഉണ്ടായത്. സെക്കന്റുകളോളം പ്രകമ്പനം നീണ്ടു.
യൂജിംഗിൽ നിന്നും 12 കിലോമീറ്റർ വടക്ക് ആയി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 6.4 തീവ്രതയാണ് തായ്‌വാന്റെ സെൻട്രൽ വെതർ അഡ്മിനിസ്‌ട്രേഷന്റെ ഭൂകമ്പമാപിനിയിൽ രേഖപ്പെടുത്തിയത്.
പ്രകമ്പനത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. മേൽക്കൂരയും ഭിത്തിയും ഇടിഞ്ഞ് വീണതിനെ തുടർന്നാണ് ആളുകൾക്ക് പരിക്കേറ്റത്. വീട് തകർന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 15 പേർക്കാണ് ഭൂചലനത്തിൽ പരിക്കേറ്റിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന ഇവരുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് സൂചന.
കഴിഞ്ഞ ഏപ്രിലിൽ തായ്‌വാനിൽ അതിശക്തമായ ഭൂചലനം ഉണ്ടായിരുന്നു. റിക്ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആയിരുന്നു ഉണ്ടായത്. ഇതിൽ 13 പേർ കൊല്ലപ്പെടുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post