ന്യൂഡൽഹി : ഭാരതരത്ന ജേതാവ് ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന്റെ ജന്മവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർപ്പൂരി താക്കൂറിന്റെ ജീവിതം മുഴുവൻ സാമൂഹിക നീതിക്കായി സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ . ബഹുജന നേതാവ് ജീവിതം മുഴുവൻ സാമൂഹ്യനീതിക്കായി സമർപ്പിക്കുകയും ഈ ദിശയിൽ നിരവധി ശ്രമങ്ങൾ നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതവും ആദർശങ്ങളും എല്ലാ തലമുറകളെയും പ്രചോദിപ്പിക്കും ‘ എന്ന് മോദി എക്സിൽ കുറിച്ചു.
നൂറാം ജന്മദിനത്തിൽ മരണാനന്തര ബഹുമതിയായി രാജ്യം ഭാരത് രത്ന നൽകി ആദരിച്ചു. 1924 ജനുവരി 24 നായിരുന്നു കർപൂരി താക്കൂറിന്റെ ജനനം. ബിഹാറിലെ സമസ്തിപൂരെ പിതൗഞ്ജിയ ആണ് ജന്മദേശം. മഹാത്മാഗാന്ധിയും, സത്യനാരായണ സിൻഹയും ആയിരുന്നു ബാല്യകാലം മുതലേ കർപൂരിയുടെ ആദർശ പുരുഷന്മാർ. ഇവരുടെ ആശയങ്ങളിൽ ആകൃഷ്ടനായി കോളേജ് വിദ്യാർത്ഥിയായിരിക്കേ പഠനം ഉപേക്ഷിച്ച് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കാളിയായി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് രണ്ട് വർഷം ജയിലിൽ കിടന്നു. അന്ന് മുതൽ മരണം വരെ കർപൂരിയുടെ ജീവിതം ഒരു സമരം ആയിരുന്നു.
വിദ്യാഭ്യാസത്തിന്റെ മൂല്യം അറിയാവുന്ന കർപൂരി സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷം സ്വന്തം ഗ്രാമത്തിൽ തന്നെ അദ്ധ്യാപകൻ ആയി ജോലി ആരംഭിച്ചു. ഇതിനിടെയായിരുന്നു സജീവ രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം. കന്നിയങ്കം പിഴച്ചില്ല. 1952 ലെ തിരഞ്ഞെടുപ്പിൽ താജ്പൂർ മണ്ഡലത്തിൽ നിന്നും വിജയിച്ച് അദ്ദേഹം എംഎൽഎ ആയി. സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. തൊഴിലാളി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് 1960കളിലും എഴുപതുകളിലും അദ്ദേഹം അറസ്റ്റിലായി.
ഹിന്ദി ഭാഷയുടെ വക്താവായിരുന്ന അദ്ദേഹം ഇംഗ്ലീഷിനെ നിർബന്ധിത വിഷയം ആക്കുന്നതിനെ ശക്തമായി എതിർത്തു. വിദ്യാഭ്യാസ മന്ത്രിയായിരിക്കേ ഇംഗ്ലീഷ് നിർബന്ധിത വിഷയമാക്കിക്കൊണ്ടുള്ള തീരുമാനം അദ്ദേഹം എടുത്ത് നീക്കി. അഞ്ച് വർഷം കൊണ്ട് ബിഹാറിൽ സ്കൂളുകളും കോളേജുകളും കൂണുകൾ പോലെ മുളച്ചുപൊന്തി.
1979 ജൂലൈയിൽ ജനതാ പാർട്ടി പിളർന്നപ്പോൾ ചരൺ സിംഗ് വിഭാഗത്തിനൊപ്പം കർപൂരി താവളം ഉറപ്പിച്ചു. 1985 ലെ തിരഞ്ഞെടുപ്പിൽ സോൻബർസ മണ്ഡലത്തിൽ നിന്നും വിജയിച്ച അദ്ദേഹം പ്രതിപക്ഷ നേതാവായി. 1988 ഫെബ്രുവരിയിൽ അന്തരിച്ചു.
Discussion about this post