എറണാകുളം : മേക്കപ്പ് മാൻ രുചിത് മോനെതിരായ ലൈംഗികാതിക്രമ കേസിനെ തുടർന്ന് സംഘടനയിൽ നിന്നും സസ്പെൻഡ് ചെയ്ത് സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക. കേസിൽ കുറ്റവിമുക്തമാക്കപ്പെടുന്നതുവരെ തുടരുന്ന രീതിയിലാണ് സസ്പെൻഷൻ നൽകിയിരിക്കുന്നത്. വനിതാ മേക്കപ്പ് ആർട്ടിസ്റ്റ് നൽകിയ പരാതിയിൽ മേക്കപ്പ് മാൻ രുചിത് മോൻ നിലവിൽ റിമാൻഡിൽ ആണ്.
വിഷയത്തിൽ നടപടി സ്വീകരിക്കുന്നതിനായി ഫെഫ്ക അടിയന്തര യോഗം ചേരുകയായിരുന്നു. തുടർന്നാണ് രുചിത് മോനെ കുറ്റവിമുക്തനാകുന്നത് വരെ സസ്പെൻഡ് ചെയ്യുന്നതായി പ്രഖ്യാപിച്ചത്. 2021ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വനിതാ മേക്കപ്പ് ആർട്ടിസ്റ്റ് ഹേമ കമ്മറ്റിയിൽ മൊഴി നൽകിയതിനെ തുടർന്നാണ് രുചിത് മോനെതിരെ കേസെടുത്തത്.
കാക്കനാട്ടെ ഫ്ലാറ്റിൽ വെച്ച് രുചിത് മോൻ പീഡിപ്പിച്ചു എന്നതാണ് വനിതാ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതി. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം തൃക്കാക്കര പൊലീസാണ് കേസെടുത്തത്. തുടർന്ന് പ്രതിയെ കാക്കനാട്ടേ ഫ്ലാറ്റിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാൻഡിലായ പ്രതി നിലവിൽ കാക്കനാട് ജയിലിലാണ്. ഇയാൾക്കെതിരെ തൃശൂരിലും ഒരു കേസുണ്ട്.
Discussion about this post