ബോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ച് നിർമിക്കുന്ന സീരീസായ ‘The BA**DS of Bollywood’ ആണ് ആര്യന്റെ ആദ്യ സംവിധാനം സംരംഭം. ഇന്നലെ വെെകിട്ട് ഇക്കാര്യം ഷാരൂഖ് തന്നെയാണ് വെളിപ്പെടുത്തിയത്.
ക്യാമറയ്ക്ക് മുന്നിൽ ഷാരൂഖ് ഖാനും പിന്നിൽ സംവിധായകനായി ആര്യനും ഉള്ള സീരിസിന്റെ ടെെറ്റിൽ പ്രഖ്യാപിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ ടെെറ്റിൽ പ്രഖ്യാപന സമയത്ത് ഷാരൂഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
എന്റെ ഹൃദയത്തിൽ തൊട്ട് ഞാൻ ആവശ്യപ്പെടുന്നത് എന്ന് പറഞ്ഞാണ് ഷാരുഖ് പറഞ്ഞു തുടങ്ങിയത്. എന്റെ മകനെയും നടിയാകാൻ തയ്യാറെടുക്കുന്ന എന്റെ മകളെയും എനിക്ക് നിങ്ങൾ തന്ന സ്നേഹത്തിന്റെ 50 ശതമാനം സ്‌നേഹമെങ്കിലും നൽകി സ്വീകരിക്കണം എന്ന് താരം ആരാധകരോട് അഭ്യര്‍ഥിച്ചു. അത് തന്നെ അവർക്ക് മതിയാകും. പോയി നിന്റെ അച്ഛന് അഭിമാനമുണ്ടാകുന്ന കാര്യങ്ങൾ ചെയ്യുവെന്ന് മകനോട് താന്‍ പറഞ്ഞിട്ടുണ്ട്. അവന് നിങ്ങളുടെ സപ്പോർട്ട് കൂടി അതിന് വേണമെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.









