സൂര്യനും ഭൂമിയും ചന്ദ്രനും ഒരു നേർരേഖയിൽ വരുമ്പോൾ സംഭവിക്കുന്ന ഒരു ജ്യോതിശാസ്ത്ര പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. ഭൂമി സൂര്യനും പൂർണ്ണചന്ദ്രനും ഇടയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ ഭൂമിയുടെ നിഴലിന്റെ ഇരുണ്ട കേന്ദ്രമായ അംബ്രയിലൂടെ ആയിരിക്കും നീങ്ങുന്നത്. ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം 2025 മാർച്ച് 14 നാണ് നടക്കുക. ഈ ചന്ദ്രഗ്രഹണം 2022 നവംബറിന് ശേഷം സംഭവിക്കുന്ന ആദ്യത്തെ പൂർണ്ണ ചന്ദ്രഗ്രഹണവും കൂടിയാണ്.
2025 മാർച്ച് 14 ന് സംഭവിക്കുന്ന ചന്ദ്രഗ്രഹണം വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നുപോകുകയും ആറ് മണിക്കൂറിലധികം നീണ്ടുനിൽക്കുകയും ചെയ്യുന്നതാണ്. ഈ ചന്ദ്രഗ്രഹണത്തിൽ ബ്ലഡ് മൂൺ പ്രതിഭാസം ആയിരിക്കും സൃഷ്ടിക്കപ്പെടുക എന്നുള്ളതും ഒരു പ്രത്യേകതയാണ്. ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണ്ണമായും മൂടുന്നത് മൂലം ചന്ദ്രന് അതിശയകരമായ ചുവപ്പ് നിറം ലഭിക്കുന്നത് മൂലമാണ് ബ്ലഡ് മൂൺ ദൃശ്യമാകുക. ഭൂമി സൂര്യനെ ചുറ്റുകയാണെന്ന് നമുക്കറിയാം. അതേസമയം ഭൂമിയെ ചുറ്റുന്ന ഒരു ഉപഗ്രഹമാണ് ചന്ദ്രൻ. ചന്ദ്രഗ്രഹണ സമയത്ത്, ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുമ്പോൾ സൂര്യപ്രകാശത്തിന് ചന്ദ്രനിൽ എത്താൻ കഴിയില്ല. ഇതുമൂലം ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീഴുന്നു. ഈ ജ്യോതിശാസ്ത്ര പ്രതിഭാസത്തെയാണ് ചന്ദ്രഗ്രഹണം എന്ന് വിളിക്കുന്നത്. പൗർണമി ദിനങ്ങളിൽ ആയിരിക്കും ചന്ദ്രഗ്രഹണം നടക്കുക.
ചന്ദ്രന് ഭൂമിയെ ചുറ്റാനും ഒരു പൂർണ്ണചന്ദ്രനിൽ നിന്ന് അടുത്ത പൂർണ്ണചന്ദ്രനിലേക്ക് ഒരു ചക്രം പൂർത്തിയാക്കാനും വെറും 29.5 ദിവസങ്ങൾ മാത്രമേ എടുക്കൂ. എന്നിരുന്നാലും, ഒരു വർഷത്തിൽ ശരാശരി മൂന്ന് ചന്ദ്രഗ്രഹണങ്ങൾ മാത്രമേ ഉണ്ടാകൂ. ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന ചന്ദ്രന്റെ ഭ്രമണപഥം പരന്നതല്ലാത്തതിനാലാണിത്. ഇത് ഏകദേശം അഞ്ച് ഡിഗ്രി കോണിലാണ്. ഇതിനർത്ഥം ചന്ദ്രൻ പലപ്പോഴും ഭൂമിയുടെ നിഴലിന് മുകളിലോ താഴെയോ നീങ്ങുന്നു എന്നാണ്. മൂന്ന് തരം ചന്ദ്രഗ്രഹണങ്ങളാണ് ഉള്ളത് . ഭാഗിക ചന്ദ്രഗ്രഹണങ്ങൾ, പൂർണ്ണ ചന്ദ്രഗ്രഹണങ്ങൾ, പെനംബ്രൽ ചന്ദ്രഗ്രഹണങ്ങൾ എന്നിവയാണ് ഇവ. സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവ എങ്ങനെ വിന്യസിക്കപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഇവ മാറിമാറി വരുന്നത്. ഭൂമിയുടെ നിഴൽ ചന്ദ്രന്റെ മുഴുവൻ ഉപരിതലത്തിലും വീഴുമ്പോഴാണ് ഒരു പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഭാഗിക ചന്ദ്രഗ്രഹണ സമയത്ത്, ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ ഭൂമിയുടെ നിഴലിലേക്ക് പ്രവേശിക്കുകയുള്ളൂ. ഒരു പെനംബ്രൽ ചന്ദ്രഗ്രഹണ സമയത്ത്, ഭൂമിയുടെ നിഴലിന്റെ ഏറ്റവും ഭാരം കുറഞ്ഞ പുറം ഭാഗം ചന്ദ്രന്റെ ഉപരിതലത്തിൽ പതിക്കുന്നു. അതിനാൽ ഈ ചന്ദ്രഗ്രഹണം ഭൂമിയിൽ നിന്നും കാണാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ ഈ വർഷം മാർച്ച് 14ന് നടക്കുന്ന ചന്ദ്രഗ്രഹണം പൂർണചന്ദ്രഗ്രഹണമാണ്.
പക്ഷേ ഇന്ത്യക്കാർക്ക് ഏറെ നിരാശാജനകമായ ഒരു വാർത്തയാണുള്ളത്. കാരണം ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണമായ മാർച്ച് 14ലെ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. കാരണം നമ്മുടെ രാജ്യത്ത് പകൽ ആയിരിക്കുന്ന സമയത്താണ് ഈ ചന്ദ്രഗ്രഹണം നടക്കുക. ഈ ചന്ദ്രഗ്രഹണം ഏറ്റവും കൂടുതൽ ദൃശ്യമാകുക വടക്കേ അമേരിക്കയിൽ ആയിരിക്കും. അതേസമയം തെക്കേ അമേരിക്കയിലും ഈ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നതാണ്. കൂടാതെ യൂറോപ്പിലും ഓസ്ട്രേലിയയിലും ആഫ്രിക്കയുടെയും ഏഷ്യയുടെയും ഏതാനും ചില പ്രദേശങ്ങളിലും ചന്ദ്രഗ്രഹണം ദൃശ്യമാകും.
Discussion about this post