ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് പൊലീസിന്റെ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. ആത്മഹത്യാ സാധ്യതയടക്കം പരിശോധിക്കുന്നതായി തൃശൂര്‍ റൂറല്‍ പൊലീസ് എസ്പി കെ.കാര്‍ത്തിക് പറഞ്ഞു.
കരള്‍രോഗബാധയെ തുടര്‍ന്നാണ് കലാഭവന്‍ മണിയുടെ മരണമെങ്കിലും ശരീരത്തിനുള്ളില്‍ മെത്തനോളിന്റെ അംശമുള്ളതായി ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. വ്യാജമദ്യത്തിലും മറ്റും കാണുന്ന വിഷമാണ് മെത്തനോള്‍. ഇതിനുപുറമെ ആരോഗ്യത്തിനു ദോഷകരമാവുന്ന മറ്റു ചില ലഹരിപദാര്‍ത്ഥങ്ങളുടെ സാന്നിധ്യവും ശരീരത്തില്‍ കണ്ടെത്തിയതായും ഡോക്ടര്‍മാരുടെ മൊഴിയുണ്ട്.
ഈ സാഹചര്യത്തിലാണ് അസ്വാഭാവിക മരണത്തിന് ചാലക്കുടി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഔട്ട് ഹൗസിലുണ്ടായിരുന്ന മദ്യക്കുപ്പികളും മദ്യത്തിന്റെ സാമ്പിളും പൊലീസ് ശേഖരിച്ചു. ഇത് വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ചുമതല ഡിവൈ.എസ്.പി: കെ.എസ്. സുദര്‍ശനന് ആയിരിക്കും
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണത്തിന്റെ കാരണം കൂടുതല്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കലാഭവൻ മണിക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ന് ചാലക്കുടിയിൽ ഹർത്താൽ ആചരിക്കുമെന്ന് നഗരസഭാധ്യക്ഷ ഉഷ പരമേശ്വരൻ അറിയിച്ചു. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കലാഭവൻ മണി പഠിച്ച ഗവ. ബോയ്സ് സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. മൂന്നിന് അനുശോചനമർപ്പിക്കാനായി അടിയന്തര കൗൺസിൽ യോഗം ചേരും. കലാഭവൻ മണിയുടെ നിര്യാണത്തിൽ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ, ബി.ഡി. ദേവസി എംഎൽഎ എന്നിവർ അനുശോചിച്ചു.
Discussion about this post