സ്റ്റീലിനൊപ്പം അലുമിനിയം ഇറക്കുമതിക്കും യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് 25% തീരുവ ഏര്‍പ്പെടുത്തിയതോടെ പണി കിട്ടിയത് അമേരിക്കയിലെ ബിയര്‍ നിര്‍മ്മാതാക്കളുടേതാണ്. കാരണം അലുമിനിയം കൊണ്ടു നിര്‍മ്മിക്കുന്ന ക്യാനുകളാണ് ബിയര്‍ വില്‍പ്പനയ്ക്കായി നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്നത്. തീരുവ വര്‍ധിപ്പിക്കുന്നതോടെ അലുമിനിയത്തിന്റെ വിലയും ഗണ്യമായി വര്‍ദ്ധിക്കും. ഇത് അമേരിക്കയിലെ മൊത്തം ബിയര്‍ നിര്‍മ്മാതാക്കള്‍ക്കും തിരിച്ചടിയാകും.
എന്നാല്‍ ഇതാദ്യമായല്ല അലുമിനിയം തീരുവ ഉണ്ടാക്കുന്ന പൊല്ലാപ്പ് അമേരിക്കയിലെ ബിയര്‍ നിര്‍മ്മാതാക്കളെ വലക്കുന്നത്. 2018ല്‍ അമേരിക്കന്‍ പ്രസിഡണ്ട് ആയിരുന്ന ഡൊണാള്‍ഡ് ട്രംപ് 10% തീരുവയാണ് അലുമിനിയം ഇറക്കുമതിക്ക് ചുമത്തിയത്. അന്നുതന്നെ ഇത് നിരവധി ബിയര്‍ നിര്‍മാതാക്കളെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു.
ഒറ്റയടിക്ക് 25 ശതമാനം തീരുവയാണ് അലുമിനിയത്തിന്റെ മുകളില്‍ ട്രംപ് ചുമത്തിയിരിക്കുന്നത്. 2018 ല്‍ ഏര്‍പ്പെടുത്തിയ അലുമിനിയം തീരുവ കാരണം മൊത്തം ബിയര്‍ നിര്‍മ്മാണ മേഖലയ്ക്ക് 1.4 ബില്യണ്‍ ഡോളറിന്റെ അധിക ചെലവാണ് ഉണ്ടായത്. . കോവിഡ് കാരണം ഉണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്ന് ക്രമേണ കരകയറി വരികയായിരുന്ന അമേരിക്കയിലെ ബിയര്‍ വ്യവസായത്തിന് മേല്‍ പതിച്ച വലിയൊരു ആഘാതമായാണ് പുതിയ ഇറക്കുമതി തീരുവയെ ബിയര്‍ നിര്‍മ്മാതാക്കള്‍ കണക്കാക്കുന്നത്
ഇറക്കുമതി തീരുവ അലുമിനിയം ക്യാനുകളുടെ നിര്‍മ്മാണ ചെലവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിലേക്ക് നയിച്ചാല്‍ സ്വാഭാവികമായും ബിയര്‍ വിലയും വര്‍ദ്ധിക്കും. വന്‍കിട ബിയര്‍ കമ്പനികള്‍ക്ക് താല്‍ക്കാലികമായെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെങ്കിലും അമേരിക്കയിലെ ചെറുകിട ബിയര്‍ നിര്‍മാതാക്കളെ ആയിരിക്കും തീരുവ വര്‍ദ്ധന വലിയതോതില്‍ ബാധിക്കുക.
ഉടനടി തീരുവ പ്രാബല്യത്തില്‍ വരികയാണെങ്കില്‍ അമേരിക്കയിലെ ബിയര്‍ വില വര്‍ദ്ധിപ്പിക്കാനാണ് കമ്പനികളുടെ നീക്കം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ക്യാനുകള്‍ക്ക് പകരം പുതിയ ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്താനും കമ്പനികള്‍ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post