ബെയ്ജിംഗ്: വിവാഹം കഴിക്കാതെ ഗർഭിണികളാകുന്നവരോട് മുഖം ചുളിക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. വിവാഹത്തിന് മുൻപ് ഗർഭം ധരിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതായി ആരും കാണാറില്ല. എന്നാൽ അടുത്തിടെയായി ചൈനയിലെ സമൂഹമാദ്ധ്യമങ്ങളിൽ നിറവയറിൽ പ്രത്യക്ഷപ്പെടുന്ന അവിവാഹിതരായ യുവതികളുടെ എണ്ണം കൂടുകയാണ്. വിചിത്രമായ ഒരു കാര്യമാണ് ഇതിന് പിന്നിൽ.
ആദ്യ കാലങ്ങളിൽ വിവാഹത്തിന് മാത്രമായിരുന്നു ഫോട്ടോ എടുക്കാറുണ്ടായിരുന്നത്. എന്നാൽ ഇന്ന് പ്രീ- പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടുകളും വ്യാപകമായി നടക്കുന്നുണ്ട്. അടുത്തകാലത്തായി ട്രെൻഡിംഗ് ആയ ഒന്നാണ് പ്രെഗ്നൻസി ഫോട്ടോ ഷൂട്ട്. നിറവയറിൽ സ്ത്രീകൾ അതിസുന്ദരികളായി അണിഞ്ഞൊരുങ്ങി ഫോട്ടോകൾ എടുക്കുന്ന രീതിയാണ് ഇത്. ഇത്തരത്തിലുള്ള പ്രെഗ്നൻസി ഫോട്ടോ ഷൂട്ടുകൾ ചൈനയിലെ യുവതികൾക്കിടയിൽ വ്യാപകമാകുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ജെൻ-സ് എന്നാണ് ഈ ട്രെൻഡ് അറിയപ്പെടുന്നത്.
ഈ ട്രെൻഡ് പിന്തുടരുന്ന യുവതികൾ ഗർഭിണികൾ അല്ലെന്നതാണ് വാസ്തവം. വയറ്റിൽ തുണിയോ മറ്റോ വച്ചുകെട്ടി ‘ വ്യാജ ഗർഭം’ ഉണ്ടാക്കിയാണ് ഇവർ ചിത്രങ്ങൾ എടുക്കാറുള്ളത്. തുടർന്ന് ഇത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കും. അടുത്തിടെയായി ഇത്തരത്തിൽ നിരവധി പേരാണ് ഗർഭിണിയായി സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ വലിയ വിമർശനം ഉയരുകയായിരുന്നു.
വിവാഹിതരാകാതെ എങ്ങനെയാണ് പെൺകുട്ടികൾ വ്യാപകമായി ഗർഭിണികൾ എന്ന ചോദ്യം പലഭാഗങ്ങളിൽ നിന്നും ഉയർന്നു. ഇതോടെയാണ് പുതിയ ട്രെൻഡാണെന്ന കാര്യം വ്യക്തമായത്. ഈ ട്രെൻഡ് പിന്തുടരാനുള്ള യുവതികളുടെ കാരണം അൽപ്പം വിചിത്രമാണ്.
ഗർഭകാലം എന്നാൽ സ്ത്രീകൾ നിരവധി ശാരീരിക മാറ്റങ്ങൾ അനുഭവിക്കുന്ന കാലം കൂടിയാണ്. തടി വരുക, മുഖത്ത് പ്രായം തോന്നുക എന്നിവയെല്ലാം ഉണ്ടാകും. ഈ സമയത്ത് പലരുടെയും സൗന്ദര്യം നഷ്ടമാകും. അതുകൊണ്ട് തന്നെ ഈ സമയങ്ങളിൽ എടുക്കുന്ന ചിത്രങ്ങൾക്കും ഭംഗി കുറയും. ഇതിന് പ്രതിവിധിയായിട്ടാണ് നേരത്തെ തന്നെ ഗർഭിണികളെ പോലെ ഇവർ ചിത്രം എടുക്കുന്നത്. ഗർഭകാലത്തും തങ്ങളെ സുന്ദരികളായി ചിത്രങ്ങളിൽ കാണണെന്നാണ് ഇവർ ആഗ്രഹിക്കുന്നത്.
അതേസമയം ഈ വിചിത്ര കാരണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. നിരവധി പേർ ഈ ട്രെൻഡിനെ വിമർശിച്ച് രംഗത്ത് വരുന്നുണ്ട്.
Discussion about this post