ന്യൂഡൽഹി: 27 വർഷത്തിന് ശേഷം രാജ്യതലസ്ഥാനത്തിന്റെ അധികാരം പിടിച്ചെടുത്ത ബിജെപി ഡൽഹിക്കായി തിരഞ്ഞെടുത്തത് വനിതാ മുഖ്യമന്ത്രിയെ. മഹിളാമോർച്ച ദേശീയ വൈസ് പ്രസിഡന്റ് രേഖ ഗുപ്തയെ ആണ് ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി പാർട്ടി തിരഞ്ഞെടുത്തത്. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്ന് 29,595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവർ വിജയിച്ചുകയറിയത്. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിന്റെ അപ്രമാദിത്യം അവസാനിപ്പിച്ച ജയന്റ് കില്ലർ പർവേഷ് വർമ്മ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത സ്പീക്കർ ചുമതലയേറ്റെടുക്കും.ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും അടക്കമുള്ള പ്രമുഖരെ മലർത്തിയടിച്ച് ,70 സീറ്റുകളിൽ 47 ലും വിജയിച്ചാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തിയിരിക്കുന്നത്. കോൺഗ്രസിന് ഇത്തവണയും അക്കൗണ്ട് തുറക്കാനായിരുന്നില്ല.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സജീവരാഷ്ട്രീയത്തിലെത്തിയ ആളാണ് രേഖ ഗുപ്ത. നിലവിൽ ഡൽഹി ബിജെപിയുടെ ജനറൽ സെക്രട്ടറിയാണ് ഈ 50 കാരി. ഒരു അഭിഭാഷകയായ ഗുപ്ത, 1996 മുതൽ 1997 വരെ ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ (DUSU) പ്രസിഡന്റായാണ് രാഷ്ട്രീയ യാത്ര ആരംഭിച്ചത്. പിന്നീട് അവർ മുനിസിപ്പൽ രാഷ്ട്രീയത്തിലേക്ക് മാറി, 2007 ൽ ഉത്തരി പിതംപുരയിൽ (വാർഡ് 54) നിന്ന് ഡൽഹി കൗൺസിലർ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും 2012 ൽ വീണ്ടും വിജയം ആവർത്തിക്കുകയും ചെയ്തു, സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ മേയറായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Leave a Comment