മരണശേഷം എന്ത് സംഭവിക്കും? ആത്മാവ് സ്വർഗത്തിലോ നരകത്തിലോ പോകുമോ? ഏതാണ്ട് മനുഷ്യരാശി ഉരുത്തിരിഞ്ഞ കാലത്തേ ഉയർന്നുവരുന്ന ചോദ്യമാണിത്? ഒരാളുടെ മരണത്തോടെ അയാളെ സംബന്ധിച്ച എല്ലാത്തിനും പര്യവസാനമായോ? നമ്മൾ കണ്ടറിഞ്ഞ ശരീരം മാത്രമാണോ മൺമറഞ്ഞ് പോയത്? ആത്മാവും മനസും ഭൂമിയിൽ ചുറ്റിത്തിരിയുന്നുണ്ടാവുമോ നമ്മളെ നാം അറിയാതെ അവർ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടാവുമോ? മതഗ്രന്ഥങ്ങൾ ഇതിന് പല ഉത്തരങ്ങൾ നൽകുന്നുണ്ട്.? എന്നാൽ ശാസ്ത്രീയമായി ഒന്നും ഇത് വരെ സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. ഇപ്പോഴിതാ മരണാനന്തരം ഒരാളിൽ എന്താണ് സംഭവിക്കുന്നത് എന്നതിന് ഏറെക്കുറേ വിശ്വസനീയമായ ഉത്തരം നൽകുകയാണ് ശാസ്ത്രജ്ഞർ.
ഒരാളുടെ മരണശേഷം തലച്ചോറിൽ നിന്ന് പ്രത്യേകതരം ഊർജ്ജം പുറന്തള്ളപ്പെടുന്നുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ അരിസോണ സർവ്വകലാശാലയിലെ അനസ്തീഷ്യാ വിദഗ്ദ്ധനായ ഡോ.സ്റ്റുവർട് ഹാമറോഫാണ് ഇത് സംബന്ധിച്ച പ്രധാനപ്പെട്ട വെളിപ്പെടുത്തലുകളും കണ്ടെത്തലുകളും വിശദീകരിച്ചിരിക്കുന്നത്. ശരീരത്തിൽ നിന്ന് ആത്മാവ് പുറത്തേക്ക് പോകുന്നതാണ് തലച്ചോറിൽ നിന്നുള്ള ഈ ഊർജ്ജപ്രവാഹമെന്നാണ് അദ്ദേഹത്തിന്റെ സാക്ഷ്യം. മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യും മുൻപ് മരിച്ചയാളുടെ തലച്ചോറിൻറെ പ്രവർത്തനം അവസാനമായി അളന്നുനോക്കാറുണ്ട്. ഇ.ഇ.ജിയിലൂടെ അനസ്തേഷ്യോളജിസ്റ്റുകൾ തലച്ചോറിൻറെ പ്രവർത്തനം നിലച്ചു എന്ന് തീർച്ചപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതിനിടയിൽ അൻപത് ശതമാനത്തോളം മൃതദേഹങ്ങളിലും ഒരുതരം ഊർജം പുറന്തള്ളപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. ഇതോടെയാണ് വിഷയത്തിൽ പഠനം നടത്താൻ തീരുമാനിച്ചതെന്ന് ഡോ. സ്റ്റുവർട്ട് വ്യക്തമാക്കുന്നു.
ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിച്ച രോഗികളുടെ തലച്ചോറിൽ നടത്തിയ ഗവേഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. അതീവ ഗുരുതരമായ രീതിയിൽ ചികിത്സയിൽ കഴിയുന്ന ചില രോഗികളുടെ തലച്ചോറിൽ അവരുടെ ജീവൻ നിലനിർത്തുന്ന ഉപകരണങ്ങൾ നീക്കം ചെയ്യുന്നതിന് മുമ്പ് സെൻസറുകൾ സ്ഥാപിച്ചാണ് ഗവേഷകർ ആത്മാവിനെ സംബന്ധിച്ച പഠനം നടത്തിയത്. സെൻസറുകളിലൂടെ മൃതശരീരത്തിൽ നിന്ന് ഊർജ്ജം പുറന്തള്ളപ്പെടുന്നത് കൃത്യമായി മനസിലാക്കി. ഹൃദയമിടിപ്പും രക്തയോട്ടവും നിലച്ച്, മരിച്ച മനുഷ്യനിൽ നടത്തിയ പരീക്ഷണത്തിലാണ് ആത്മാവിനെ കണ്ടെത്തിയത്.
മരണത്തെ മുഖാമുഖം കാണുന്ന നിമിഷമെന്നോ, ശരീരത്തിൽ നിന്ന് ആത്മാവ് പുറത്തേക്ക് പോകുന്നതാണിത് എന്നോ പറയാമെന്ന് ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. ഇ.ഇ.ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇലക്ട്രോ എൻസെഫാലോഗ്രാമിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. ഈ ഒരു പ്രക്രിയയെ ഗമ്മ സിൻക്രോണി എന്ന് പറയാം. ഗമ്മ സിൻക്രോണി എന്നാൽ തലച്ചോറിൽ നടക്കുന്ന ഒരു തരംഗപ്രക്രിയയാണ്. ചിന്ത, ബോധം, ഗ്രഹണശക്തി തുടങ്ങിയ കാര്യങ്ങൾ ഗമ്മ സിൻക്രോണിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ ഭാഗത്തായി ഇ.ഇ.ജി പരിശോധനയിൽ കണ്ടത് 30 മുതൽ 90 സെക്കൻറ് സമയം ഊർജപ്രവാഹമുണ്ടാകുന്നതാണ്. അവസാന നിശ്വാസം എന്നാണ് ഇതിനെ പഠനത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ വിശേഷിപ്പിച്ചത്. അഗാധമായ ഉറക്കത്തിലും അനസ്തേഷ്യയ്ക്കു ശേഷമുള്ള മയക്കത്തിലും പോലും മനുഷ്യൻറെ ഉപബോധ മനസ്സ് ഉണർന്നിരിക്കും. എന്നാൽ ഈ ‘അവസാന ശ്വാസ’ത്തിനായി വേണ്ടി വരുന്നത് ബോധത്തോടെ നമ്മൾ ചെയ്യുന്ന കാര്യങ്ങളെക്കാൾ വളരെ ഉയർന്ന ഊർജമാണെന്ന് അദ്ദേഹം അടിവരയിടുന്നു. എന്തായാലും ആത്മാവിന്റെ യാത്രയെ തേടിയുള്ള മനുഷ്യന്റെ സംശയങ്ങൾക്ക് പുതിയൊരുവഴിത്തിരിവാകും ഈ പഠനമെന്നതിൽ സംശയമില്ല.
Discussion about this post