വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില വിശദമാക്കി ഡോക്ടർമാർ. മാർപ്പാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇപ്പോഴും ശ്വാസം മുട്ടലുണ്ടെങ്കിലും അദ്ദേഹം സംസാരിക്കുന്നുണ്ട്. ഒരാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും ഡോക്ടമാർ പറഞ്ഞു.
കടുത്ത ശ്വാസ തടസത്തെ തുടർന്നാണ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ശ്വാസകോശ അണുബാധയിൽ കുറവുണ്ടായതായി ചികിത്സക്കിടെ വത്തിക്കാൻ അറിയിച്ചിരുന്നു.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി കഴിഞ്ഞ ദിവസം ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിച്ചിരുന്നു. പോപ്പിനെ കണ്ട് സംസാരിച്ചുവെന്നും അദ്ദേഹത്തിന് എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി പറഞ്ഞു.
ഒരു ആഴ്ചയിലേറെയായി അദ്ദേഹത്തിന് ശ്വാസകോശ അണുബാധ തുടങ്ങിയിട്ട്. ഇതേ തുടർന്ന് ഫെബ്രുവരി 14 ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ചൊവാഴ്ച സ്‌കാനിംഗ് നടത്തിയിരുന്നു. ഇതിലൂടെയാണ് അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചതായി കണ്ടെത്തിയത് എന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു. പോളി മൈക്രോബയൽ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോൾ നൽകുന്നതെന്നും വത്തിക്കാൻ പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ നൽകി വന്നിരുന്ന ചികിത്സയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചിരുന്നു.
മാർപാപ്പയുടെ ആരോഗ്യസ്ഥിതി അല്പം സകീർണമായി തുടരുമ്പോഴും അദ്ദേഹം സന്തോഷവാനാണെന്നും , ചൊവാഴ്ച അദ്ദേഹം വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചിരുന്നു. പകൽ സമയം അദ്ദേഹം വിശ്രമവും പ്രാർത്ഥനകളും വായനയുമായി ചിലവഴിക്കുകയാണെന്ന് പ്രെസ് ഓഫീസ് വിശദീകരിച്ചു.
ജന്മനാടായ അർജന്റീനയിൽ പുരോഹിത പഠനത്തിനിടെ ഇരുപതുകളുടെ തുടക്കത്തിൽ മാർപാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. അനാരോഗ്യം ബാധിച്ചിരുന്ന മാർപാപ്പയെ 2023 മാർച്ചിൽ ബ്രോങ്കൈറ്റിസ് ആണെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ന്യൂമോണിയയാണെന്ന കണ്ടെത്തുകയായിരുന്നു .പിന്നീട് ജൂണിലും 2024 ഫെബ്രുവരിയിലും ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2021 ജൂണിൽ അദ്ദേഹത്തിന് വൻ കുടൽ ശസത്ര ക്രിയ നടത്തിയിരുന്നു.
Discussion about this post