ഇല്ലാത്ത വകുപ്പിന് ഒരു മന്ത്രി. അതും ഒന്നരവർഷത്തോളം ഖജനാവിൻ്റെ പണം പറ്റി. ആംആദ്മി ഭരിക്കുന്ന ഏകസംസസ്ഥാനമായ പഞ്ചാബിലെ ഭഗവന്ത് മൻ മന്ത്രി സഭയിലാണ് സംഭവം. കൃത്യമായി പറഞ്ഞാൽ 21 മാസമാണ് പഞ്ചാബ് സർക്കാരിൽ കുൽദീപ് സിങ് ധലിവാൾ ഇല്ലാത്ത വകുപ്പിൽ മന്ത്രിയായിരുന്നത്. ഭരണ പരിഷ്‌കാര വകുപ്പായിരുന്നു കുൽദീപ് സിങ് വഹിച്ചിരുന്നത്. എന്നാൽ വെള്ളിയാഴ്ച പുറത്തിറക്കിയ സർക്കാർ വിജ്ഞാപനത്തിലാണ് ഭരണ പരിഷ്‌കാര വകുപ്പ് എന്നൊരു വകുപ്പ് പോലും നിലവിലുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്നത്. അതായത് കുൽദീപ് സിങ് ധലിവാളിന് എൻആർഐ അഫയേഴ്‌സ് വകുപ്പിന്റെ ചുമതല മാത്രമാണുള്ളത് എന്നാണ് സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്. ഭരണ പരിഷ്‌കാര വകുപ്പിനായി ഉദ്യോഗസ്ഥരില്ല, ഒരു യോഗം പോലും വകുപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുമില്ല. എന്നിട്ടും കുൽദീപ് സിങ് ധലിവാൾ 21 മാസം വകുപ്പ് മന്ത്രിയായി ചുമതല വഹിച്ചു. 2023 ലെ മന്ത്രിസഭാ പുനഃസംഘടനയിൽ കുൽദീപ് സിങിൽ നിന്നും കൃഷി, കർഷക ക്ഷേമ വകുപ്പ് എടുത്തുമാറ്റിയിരുന്നു. എന്നാൽ എൻ ആർ ഐ ക്ഷേമ വകുപ്പ് നിലനിർത്തുകയും ചെയ്തിരുന്നു.
ഇതോടെ പഞ്ചാബിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ ഇരിക്കുകയാണ്. ഭഗവന്ത് മൻ നയിക്കുന്ന എഎപി സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ പുതിയ തെളിവാണിതെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. നിലവിലില്ലാത്ത ഒരു വകുപ്പിന് ഒരു മന്ത്രിയെ നിയമിക്കുക എന്നത് സർക്കാരിന്റെ പാപ്പരത്തമാണ് വെളിപ്പെടുത്തുന്നത് എന്ന് പഞ്ചാബ് ബിജെപി ജനറൽ സെക്രട്ടറി സുഭാഷ് ശർമ്മ കുറ്റപ്പെടുത്തി. വകുപ്പ് അനുവദിച്ചവർക്കും അതിന്റെ ചുമതല വഹിച്ചവർക്കും ഇത്തരത്തിൽ ഒരു വകുപ്പ് നിലവില്ലെ എന്നുപോലും ബോധ്യമില്ലായിരുന്നു എന്നും അദ്ദേഹം പരിഹസിച്ചു.പഞ്ചാബിലെ ഭരണം ആം ആദ്മി പാർട്ടി പരിഹാസ്യമായ രീതിയിലാക്കി മാറ്റിയിരിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. നിലവിലില്ലാത്ത ഒരു വകുപ്പാണ് എ.എ.പി മന്ത്രി 20 മാസത്തോളം ഭരിച്ചത്. ഇല്ലാത്ത വകുപ്പ് ഭരിച്ച് ഒരു മന്ത്രി മുന്നോട്ടുപോകുന്നകാര്യം മുഖ്യമന്ത്രിപോലും അറിഞ്ഞില്ല – ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി. പഞ്ചാബ് സർക്കാരിന്റെ പ്രമുഖ മന്ത്രിമാരിൽ ഒരാൾക്ക് നിയോഗിക്കപ്പെട്ട ഒരു വകുപ്പ് യഥാർത്ഥത്തിൽ നിലവിലില്ലെന്ന് മനസ്സിലാക്കാൻ ഏകദേശം 20 മാസമെടുത്തെങ്കിൽ, അതിലെ പ്രതിസന്ധി നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ എന്ന് ബിജെപി നേതാവ് അമിത് മാളവ്യ വിമർശിച്ചു..
എഎപി പഞ്ചാബ് സ്‌റ്റൈൽ എന്നായിരുന്നു ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത്ത് കൗർ ബാദൽ സംഭവത്തെകുറിച്ച് പ്രതികരിച്ചത്. മന്ത്രിക്ക് വകുപ്പുകളെ കുറിച്ച് പോലും അറിയില്ല, ഡൽഹിയിൽ നിന്ന് റിമോട്ടിൽ നിയന്ത്രിക്കുന്ന സർക്കാരാണ് പഞ്ചാബിലേത് എന്നും അവർ പരിഹസിച്ചു.
Leave a Comment