മരണം മുന്നിൽ കണ്ട നിമിഷം….. മുന്നിൽ കണ്ട നിമിഷം എന്ന് പറയുന്നതിനെക്കാളും മരിച്ചു എന്ന് ഉറപ്പിച്ച നിമിഷം എന്ന് പറയുന്നതാണ്… അവിടെ നിന്ന് തിരിച്ചു വന്നുള്ള ജീവിതം… അതാണ് ഇന്ന് അഡ്രിയാൻ സിമാൻകാസ് എന്ന ഇരുപത്തിനാലുകാരന്റെ ജീവിതം. തിമിംഗലത്തിന്റെ വായിൽ നിന്ന് അത്ഭുതകരമായാണ് അഡ്രിയാൻ സിമാൻകാസ് രക്ഷപ്പെട്ടത്. സമൂഹമാദ്ധ്യമത്തിൽ വൈറലായിരുന്നു ഈ വീഡിയോ.. . ചിലയിലെ പെറ്റാഗോണിയ മേഖലയിലാണ് വിചിത്ര സംഭവം നടന്നത്.
പിതാവ് ഡെല്ലിനൊപ്പം കടലിൽ കയാക്കിംഗ് നടത്തുന്നതിനിടെയാണ് മഗല്ലൻ കടലിടുക്കിൽ വച്ച് യുവാവിനെയും കയാക്കിംഗ് ബോട്ടും ഉൾപ്പെടെ ഹംപ്ബാക്ക് ഇനത്തിൽപ്പെട്ട തിമിംഗലം വിഴുങ്ങുന്നത് . ഡെല്ല് കയാക്കിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഏതാനും മീറ്ററുകൾക്ക് മുന്നിൽ വച്ചാണ് ഞെട്ടിക്കുന്ന ദൃശ്യം ക്യാമറയിൽ പതിഞ്ഞത് . തിമിംഗലം ഉയർന്ന് പൊങ്ങി അഡ്രിയാൻ സിമൻകാസിനെ വിഴുങ്ങുകയായിരുന്നു. അപ്പോൾ തന്നെ കടലിലേക്ക് താഴ്ന്നു. ഏതാനും സെക്കൻഡുകൾക്ക് ശേഷം ഉയർന്ന് പൊങ്ങി വീണ്ടും പുറത്തേക്ക് തുപ്പുന്നു. പരിക്കുകളൊന്നും ഏൽക്കാതെ അഡ്രിയാൻ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.
അത്ഭുതകരമായ വീഡിയോ സമൂഹമാദ്ധ്യമത്തിൽ കണ്ടത് നിരവധി ആളുകളാണ്. ഇതിനുപിന്നാലെ താൻ സുരക്ഷിതമാണെന്നുള്ള വിശദീകരണമായി അഡ്രിയാൻ എത്തുകയും ചെയ്തു. ആദ്യം താൻ വിചാരിച്ചത് വലിയ തിരമാലയാണ് എന്നാണ്,
എന്നാൽ അപ്രതീക്ഷിത ആക്രമണത്തിൽ വളരെ വൈകിയാണ് തിമിംഗലമെന്ന് മനസിലായത് . തിമിംഗലത്തിന്റെ വായ്ക്കുള്ളിൽ അകപ്പെട്ട നിമിഷത്തിൽ ജീവിതം അവസാനിച്ചെന്ന് കരുതിയതായി അഡ്രിയാൻ പറയുന്നു . എന്നാൽ തനിക്ക് പരിക്കുകൾ ഒന്നും പറ്റാതിരുന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്. രക്ഷപ്പെട്ട് പുറത്തെത്തിയപ്പോഴും ആദ്യം തിരഞ്ഞതും പിതാവിനെയണെന്നും അദ്ദേഹം പറഞ്ഞു.
ഇതേ സമാനമായ സംഭവം കാലിഫോർണിയയിലെ ഒരു ബീച്ചിലും നടന്നിരുന്നു. വെള്ളി മത്സ്യങ്ങളെ ഭക്ഷിക്കുന്ന തിമിംഗലങ്ങളെ നിരീക്ഷിച്ചുകൊണ്ടിരുന്ന രണ്ട് കയാക്കർമാരെ തിമിംഗലം വിഴുങ്ങുകയും അൽപ്പനേരത്തിനുള്ളിൽ പുറത്തേക്ക് തുപ്പുകയായിരുന്നു. സാധാരണ കൂട്ടമായി നടക്കുന്ന തിമിംഗലങ്ങൾ പൊതുവെ മനുഷ്യരെ ആക്രമിക്കാറില്ല . ഇരയാണെന്ന് തെറ്റിദ്ധരിച്ചാകും ഇത്തരം ആക്രമണങ്ങൾ കൂടുതലും ഉണ്ടാകുക എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ അപൂർവ്വങ്ങളിൽ അപൂർവ്വമായാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് .
Leave a Comment