‘ അഫാൻ ലഹരി ഉപയോഗിച്ചു’; പോലീസിന്റെ നിഗമനം ശരിവച്ച് പരിശോധനാ ഫലം

Published by
Brave India Desk

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ലഹരി ഉപയോഗിച്ചതായി പോലീസ്. ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിലാണ് ശരീരത്തിൽ ലഹരിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഏത് തരം ലഹരിയാണ് ഉപയോഗിച്ചത് എന്നകാര്യത്തിൽ വ്യക്തതയില്ല. ഇത് കണ്ടെത്തുന്നതിനായി അഫാനെ തുടർപരിശോധനകൾക്ക് വിധേയം ആക്കും.

ഇയാൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന നിഗമനത്തിൽ പോലീസ് നേരത്തെ തന്നെ എത്തിയിരുന്നു. ഇതേ തുടർന്നാണ് പരിശോധന നടത്താൻ തീരുമാനിച്ചത്. ആവശ്യപ്പെട്ട പണം അഫാന് നൽകാതിരുന്നതാണ് കൂട്ടക്കൊലയ്ക്ക് കാരണം ആയത് എന്ന് പോലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇത്രയും പണം അഫാന് എന്തിനാണെന്ന ചോദ്യം ആയിരുന്നു പിന്നീട് പോലീസിന്റെ മനസിൽ. ഇതിന് പിന്നാലെ അഫാനെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.

പിതാവിന്റെ വ്യാപാരം നഷ്ടത്തിൽ ആണെന്നും 75 ലക്ഷം രൂപയുടെ കടം ഉണ്ടെന്നുമാണ് അഫാൻ പോലീസിനോട് പറഞ്ഞത്. എന്നാൽ തനിക്ക് ചെറിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധി മാത്രമാണ് ഉള്ളതെന്നും, അഫാന് എങ്ങനെയാണ് ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് എന്ന് അറിയില്ലെന്നുമായിരുന്നു പിതാവിന്റെ മറുപടി. ഇതോടെ ലഹരി ഉപയോഗം എന്ന നിഗമനത്തിൽ പോലീസ് ഉറയ്ക്കുകയായിരുന്നു.

പണം ആവശ്യപ്പെട്ടുള്ള തർക്കം ആണ് കൊലയിൽ കലാശിച്ചത്. ഇന്നലെ രാവിലെ തനിക്ക് പണം വേണമെന്ന് അഫാൻ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൽകാൻ കഴിയില്ലെന്ന് അമ്മ പറഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഇതിന് പിന്നാലെ മുത്തശ്ശിയുടെ മാല ആവശ്യപ്പെട്ട് വീട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ നൽകിയില്ല. ഇതിന്റെ വൈരാഗ്യത്തിൽ ആദ്യ കൊല നടത്തി.

പിന്നാലെ പിതാവിന്റെ സഹോദരന്റെ അടുക്കൽ ചെന്ന് പണം ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹവും നൽകിയില്ല. ഇതും അഫാനെ ചൊടിപ്പിച്ചു. തുടർന്ന് അദ്ദേഹത്തെയും ഭാര്യയെയും കൊല്ലുകയായിരുന്നു. തിരികെ വീട്ടിലെത്തിയ അഫാൻ കാമുകിയെയും അനിയനെയും കൊലപ്പെടുത്തി. ഇത് തടയാൻ എത്തിയപ്പോഴായിരുന്നു അമ്മയ്ക്ക് പരിക്കേറ്റത്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.

Share
Leave a Comment