കുഞ്ഞിന് മുലയൂട്ടുന്നതിനായി യുവതി ആവശ്യപ്പെട്ട അവധി നിഷേധിച്ച കമ്പനിക്കെതിരെ നടപടിയുമായി കോടതി. കുഞ്ഞിന് രോഗമായതിനെ തുടർന്നാണ് യുവതി മുലയൂട്ടൽ അവധിയ്ക്കായി അപേക്ഷിച്ചത്. എന്നാൽ, ഇത് നിഷേധിച്ചതോടെയാണ് തെക്കു പടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള ലുവോ എന്ന സ്ത്രീ താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്.
പ്രസവാവധിയ്ക്ക് ഒപ്പം ഇവർക്ക് അനുവദിച്ചിരുന്ന ഒരു മാസത്തെ മുലയൂട്ടൽ അവധി കമ്പനി റദ്ദാക്കുകയായിരുന്നു. അവധി അനുവദിച്ച് നൽകണമെങ്കിൽ കുഞ്ഞിനെ മുലയൂട്ടിയതിന്റെ തെളിവ് കാണിക്കണമെന്നായിരുന്നു കമ്പനിയുടെ വിചിത്രമായ വാദം.
2022 ജനുവരിയിൽ കുഞ്ഞ് ജനിക്കുന്നതിന് മുമ്പാണ് യുവതിയ്ക്ക് അവധി അനുവധിച്ചിരുന്നത്. പ്രസവ അവധിയോടൊപ്പം ഇ-കൊമേഴ്സ് കമ്പനി ലുവോയ്ക്ക് ഒരു മാസത്തെ മുലയൂട്ടൽ അവധിയും അനുവദിച്ചിരുന്നു. എന്നാൽ, കുഞ്ഞ് ജനിച്ചതിനു ശേഷം കുഞ്ഞിന് മഞ്ഞപ്പിത്തം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ, കുട്ടി പൂർണ്ണമായി സുഖം പ്രാപിക്കുന്നതുവരെ രണ്ടാഴ്ചത്തേക്ക് മുലയൂട്ടൽ നിർത്തണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. കുഞ്ഞിൻറെ രോഗാവസ്ഥയെ കുറിച്ച് ലുവോ തന്റെ സമൂഹ മാധ്യമ സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട, കമ്പനി യുവതിയോട് മുലയൂട്ടിയതിനുള്ള തെളിവ് നൽകണമെന്നും അല്ലെങ്കിൽ മുലയൂട്ടൽ അവധി റദ്ദാക്കുമെന്നും അറിയിക്കുകയായിരുന്നു. അവധിയിലായിരുന്ന സമയത്ത് നൽകിയ ശമ്പളം കമ്പനി തിരികെ ചോദിക്കുകയും ചെയ്തു.
ഇതോടെ, ലുവോ കോടതി സമീപിക്കുകയായിരുന്നു. കമ്പനിയുടെ നടപടിയെ വിമർശിച്ച കോടതി, ലുവോയ്ക്ക് അനുകൂലമായി വിധി പറഞ്ഞു. ഇതിനെതിരെ കമ്പനി മേൽക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, മേൽക്കോടതിയും ലുവോയുടെ വാദങ്ങൾ ശരിവച്ച് അവർക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു.
നിയമപ്രകാരം സിച്ചുവാനിൽ സ്ത്രീകൾക്ക് സാധാരണ ആറ് മാസത്തെ പ്രസവാവധിക്ക് അപ്പുറം ഒരു മാസത്തെ അധിക മുലയൂട്ടൽ അവധിക്കും അർഹതയുണ്ട്. സംഭവം വാർത്തയായതോടെ സമൂഹ മാദ്ധ്യമങ്ങളിൽ കമ്പനിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
Leave a Comment