മാറ്റത്തിന്റെ പാതയിലാണ് ഭാരതം. വിദേശരാജ്യങ്ങളിലെ സൗകര്യങ്ങൾ കണ്ട് കണ്ണ് മിഴിച്ച് എന്റെ ഇന്ത്യയും ഇങ്ങനെയാവണമെന്ന് സ്വപ്‌നം കണ്ടവർക്ക് ഇന്നൊരു പ്രതീക്ഷയുണ്ട്. രാജ്യത്തിന്റെ എല്ലാകോണുകളിലും ഒരുപോലെ വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ രാവും പകലുമില്ലാതെ പ്രവർത്തിക്കുന്ന ഒരു ഭരണാധികാരികൾ തലപ്പത്തുള്ളതാണ് ആ പ്രതീക്ഷകൾക്ക് അടിസ്ഥാനം. വികസനം സാധ്യമാക്കുന്നതിനൊപ്പം, രാജ്യതാത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ദുഷ്ടശക്തികളെയും കേന്ദ്രം തുടച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ട്. കശ്മീരം മുതൽ കുമാരി വരെ ഭീകരമുക്തമാക്കുക എന്നതാണ് നരേന്ദ്രമോദി സർക്കാരിന്റെ പ്രഖ്യാപിത നയം. അത് കൃത്യമായി നടപ്പിലാകുന്നുണ്ട് എന്നതിനുള്ള മകുടോദാഹരണമാണ് പുറത്തുവരുന്ന വാർത്തകളത്രയും. ഒരുകാലത്ത് കമ്യൂണിസ്റ്റ് ഭീകരർ കയ്യടക്കി സമാന്തര ഭരണം നയിച്ചിരുന്ന തെക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളെല്ലാം ഇന്ന് സമാധാനത്തിന്റെ പാതയിലാണ്. തോക്കിൻമുനയിലെ ജീവിതമോ കമ്യൂണിസ്റ്റ് ഭീകരരുടെ അടിച്ചമർത്തലുകളോ ഇല്ലാതെ സുന്ദരമായ നാളെ സ്വപ്‌നം കണ്ട് ഗ്രാമവാസികൾ സന്തോഷത്തോടെ ഇന്ന് ഉറങ്ങുന്നു.
ഒരുകാലത്ത് കമ്യൂണിസ്റ്റ് ഭീകരരുടെ തലസ്ഥാനം എന്ന് കുപ്രസിദ്ധി നേടിയിരുന്ന ഛത്തീസ്ഗഢിലെ ബിജാപൂരിലെയും സ്ഥിതി വ്യത്യസ്തമല്ല. വികസനം അലയടിക്കുന്ന ബിജാപൂരിലെ ഓരോ ഗ്രാമവും ഇന്ന് ഇവിടെ ഒരു സർക്കാർ ഉണ്ട് ഞങ്ങൾക്ക് എന്ന വിശ്വാസത്തോടെയാണ് ജീവിക്കുന്നത്. സർക്കാരിന്റെ ഇച്ഛാശക്തിയുടെയും സൈനികരുടെ കഠിനാധ്വാനത്തിന്റെയും ശ്രമഫലമായി ബിജാപൂരിലെ അവസാനത്തെ അതിർത്തി ഗ്രാമമായ പമേദും ഭീകരമുക്ത ഗ്രാമമായി മാറിയിരിക്കുന്നു. ഒരു കാലത്ത് പൊതുഗതാഗതം എന്നത് സ്വപ്‌നം മാത്രമായിരുന്ന, ഇരുചക്രവാഹനങ്ങൾ അപൂർവ്വമായി മാത്രം ഓടിയിരുന്ന പമേദിലെ റോഡുകളിലൂടെ കഴിഞ്ഞ ദിവസം ഹോൺ മുഴക്കി ബസുകൾ ഓടി. നീണ്ട 50 വർഷത്തിന് ശേഷം ഗ്രാമപ്രദേശത്ത് പാസഞ്ചർ ബസ് സർവ്വീസ് ആരംഭിച്ചിരിക്കുകയാണ്.
ബിജാപൂരിന്റെയും തെലങ്കാനയുടെയും അതിർത്തിയിലുള്ള ഉസൂർ ബ്ലോക്കിലെ പമേദ് ഉൾപ്പെടെ ആ പ്രദേശത്തെ 7 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടെ മുഴുവൻ പ്രദേശത്തും ബസ് സൗകര്യം ഇപ്പോൾ ലഭ്യമാണ്. സംസ്ഥാന സർക്കാരിന്റെ അതിവേഗ വികസന പദ്ധതിയായ നിയാദ് നെല്ലനാറിന്റെ ഭാഗമായാണ് പാമേദ് ഗ്രാമത്തിൽ ബസ് സർവീസ് എത്തിയത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് അധികാരത്തിലേറിയ എൻഡിഎ സർക്കാരിന്റെ ശ്രമഫലമായാണ് വികസനം അതിവേഗം സാധ്യമാക്കുന്നത്. മാസങ്ങൾ കൊണ്ട് തന്നെ, വിദൂരപ്രദേശങ്ങളിലേക്കും റോഡുകൾ നിർമ്മിച്ച സർക്കാർ, ഈ വഴികളിലൂടെ ബസ് സർവ്വീസും ആരംഭിച്ച് ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ നേരത്തെ തെലങ്കാനവഴി ചുറ്റിത്തിരിഞ്ഞ് ഏകദേശം 200-250 കീലോമീറ്റർ വരെ അധികം സഞ്ചരിച്ചാണ് ഗ്രാമപ്രദേശത്തെ ജനങ്ങൾ ജില്ലാ ആസ്ഥാനത്തും തലസ്ഥാനത്തും എത്തിയിരുന്നത്.
കമ്യൂണിസ്റ്റ് ഭീകര സംഘത്തിന്റെ പിടിയിലമർന്നിരുന്ന പ്രദേശത്ത് സുരക്ഷാസേന ക്യാമ്പുകൾ സ്ഥാപിച്ചതിന് ശേഷമാണ് മാറ്റം കണ്ട് തുടങ്ങിയത്. സൈന്യത്തിനൊപ്പം ഇച്ഛാശക്തിയോടെ ഇരട്ട എഞ്ചിൻ സർക്കാർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചപ്പോൾ ഗ്രാമം ഭീകരവിമുക്തമായി. കലാപബാധിത പ്രദേശങ്ങൾ തിരിച്ചുപിടിക്കുന്നതിനും ബസ്തറിൽ സാധാരണനില പുനഃസ്ഥാപിക്കുന്നതിനുമുള്ള സർക്കാരിന്റെ ദീർഘകാല ശ്രമങ്ങളുടെ ഒരു നാഴികക്കല്ലായിട്ടാണ് ഈ ബസ് സർവ്വീസിനെ കാണുന്നത്.
പമേദിന് സമാനമായി അധികം വൈകാതെ തന്നെ കമ്യൂണിസ്റ്റ് ഭീകരബാധിതമായ മറ്റ് പ്രദേശങ്ങളും മുക്തമാകുമെന്നാണ് പ്രതീക്ഷ. 2026 മാർച്ചിനുള്ളിൽ രാജ്യത്ത് നിന്നും കമ്യൂണിസ്റ്റ് ഭീകരപ്രവർത്തനങ്ങൾ തുടച്ചുനീക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം ശുഭപ്രതീക്ഷയേകുന്നതാണ്. കമ്യൂണിസ്റ്റ് ഭീകരരോട് കീഴടങ്ങാൻ ആവശ്യപ്പെടുന്ന പുതിയ കീഴടങ്ങൽ നയം കൊണ്ട് വന്നതോടെ, പല ഭീകരസംഘടനകളിൽ നിന്നും കൊഴിഞ്ഞുപോക്ക് പ്രകടമായി. സർക്കാരിന്റെ പുനരധിവാസ പദ്ധതിയിലൂടെ ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വരാൻ തയ്യാറായി പലരും മുന്നോട്ട് വന്നു.ജനാധിപത്യത്തിനു ഭീഷണിയാണു കമ്യൂണിസ്റ്റ് ഭീകരുടെ പ്രവർത്തനങ്ങളെന്നും 17,000 ജീവനുകൾ ഇതുവരെ പൊലിഞ്ഞതായും അമിത് ഷാ പറഞ്ഞിരുന്നു. 2004 – 14 നെ അപേക്ഷിച്ച് 2014 -24 കാലത്ത് നക്‌സൽ പ്രവർത്തനങ്ങളിൽ 53%ത്തിന്റെ ഇടിവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശക്തമായ ഇടപെടലിലൂടെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് അന്തിമ പ്രഹരം നൽകേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്തായാലും സർക്കാരിന്റെയും സൈന്യത്തിന്റേയും സമഗ്രമായ സുരക്ഷ ഇടപെടലുകളിലൂടെ കാര്യങ്ങൾ മാറുന്നുണ്ടെന്നതിൽ സംശയമില്ല.
നേരത്തെ കമ്യൂണിസ്റ്റ് ഭീകരർ താവളമാക്കിയ 10,000 ചതുരശ്രകിലോമീറ്റർ പ്രദേശം സുരക്ഷാ സേന മോചിപ്പിച്ചതായി സർക്കാർ വ്യക്തമാക്കിയിരുന്നു. ഛത്തിസ്ഗഡിലെ 18,000 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് കമ്യൂണിസ്റ്റ് ഭീകരരുടെ അധീനതയിലുണ്ടായിരുന്നത്. പത്ത് വർഷത്തെ നിരന്തരമായ സൈനിക നടപടികളുടെ ഭാഗമായി അത് 8,500 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി.ഛത്തീസ്ഗഡിലെ ആറ് ജില്ലകളിലും മഹാരാഷ്ട്രയടക്കമുള്ള അയൽ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിലുള്ള ആറ് ജില്ലകളിലും മാവോയിസ്റ്റുകളെ പൂർണമായി നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. 2026 മാർച്ചോടെ ഈ പ്രദേശങ്ങൾ മാവോയിസ്റ്റ് മുക്തമാക്കുകയാണ് കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന ലക്ഷ്യം. കഴിഞ്ഞ വർഷം മാത്രം 300 ഓളം കമ്യൂണിസ്റ്റ് ഭീകരരെ വധിക്കുകയും 992 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 837 പേരാണ് ആയുധം വച്ച് കീഴടങ്ങിയത്. പ്രതിരോധത്തിന് പകരം ആക്രമണ സമീപനം, കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ ഏകോപനം, കമ്യൂണിസ്റ്റ് ഭീകരരുടെ ആധിപത്യഗ്രാമങ്ങളിൽ വികസനം എത്തിക്കുക എന്ന ത്രിമാന നീക്കമാണ് വിജയത്തിലെത്തിയത്. സുരക്ഷാസേനക്ക് സ്നിപ്പർ റൈഫിളുകളും കവചിത ട്രക്കുകളും ഡ്രോണുകളുമടക്കം ആധുനിക സംവിധാനങ്ങൾ കേന്ദ്രസർക്കാർ ഉറപ്പാക്കിയിരുന്നു. കമ്യൂണിസ്റ്റ് ഭീകരർക്കുള്ള ഫണ്ടിങ് മാർഗങ്ങൾ തടഞ്ഞുകൊണ്ടുള്ള ഇടപെടലും ഫലം കണ്ടു. കമ്യൂണിസ്റ്റ് ഭീകരരെ പേടിക്കാതെ, സൈന്യത്തിലും സർക്കാരിലും വിശ്വാസമർപ്പിച്ച് ജനം കൂടെ നിന്നതോടെ കാര്യങ്ങൾ എളുപ്പമായി. ഇച്ഛാശക്തിയുള്ള സർക്കാർ ഒപ്പമുണ്ടെങ്കിൽ ഇപ്പോൾ ബസ് സർവ്വീസ് ആരംഭിച്ച റോഡുകളുടെ ഇരുവശവും, നാളെയൊരിക്കൽ ബഹുനില കെട്ടിടങ്ങളും മറ്റ് അത്യാധുനിക സൗകര്യങ്ങളും ഉയരുമെന്നും സന്തോഷത്തോടെയും അതിലുപരി സമാധാനത്തോടെയും ജീവിക്കാമെന്നും ജനം ഇന്ന് ഉറച്ച് വിശ്വസിക്കുന്നു.
Discussion about this post