ചെന്നൈ : തമിഴ്നാട്ടിൽ നിർമ്മാണം പൂർത്തിയായ പുതിയ പാമ്പൻ പാലം ഏപ്രിൽ 6 രാമനവമി ദിനത്തിൽ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് ഉദ്ഘാടനം നിർവഹിക്കുന്നത്. സമുദ്ര ഗതാഗതം മെച്ചപ്പെടുത്തുന്നതിനും, പ്രാദേശിക കണക്റ്റിവിറ്റിയും വളർച്ചയും വർദ്ധിപ്പിക്കുന്നതിനും പുതിയ പാലത്തിന്റെ നിർമ്മാണം ഏറെ ഗുണകരമാകുന്നതാണ്.
രാമേശ്വരത്തെ ഇന്ത്യയുടെ പ്രധാന ഭൂപ്രദേശവുമായി പുതിയ പാമ്പൻ പാലം ബന്ധിപ്പിക്കുന്നതാണ്. പാക് കടലിടുക്കിന് മുകളിലൂടെ 2.07 കിലോമീറ്റർ നീളത്തിലാണ് ഈ പാലം പണിതിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ കടൽപ്പാലം എന്ന സവിശേഷതയും പുതിയ പാമ്പൻ പാലത്തിനുണ്ട്.
വലിയ കപ്പലുകൾക്ക് റെയിൽ സർവീസുകളെ തടസ്സപ്പെടുത്താതെ അടിയിലൂടെ കടന്നുപോകാൻ കഴിയുന്ന രീതിയിലാണ് പുതിയ പാമ്പൻ പാലം നിർമ്മിച്ചിട്ടുള്ളത്. 1914 ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്തായിരുന്നു പഴയ പാമ്പൻ പാലം നിർമ്മിച്ചിരുന്നത്. പുതിയ പാലത്തിന് 72.5 മീറ്റർ നാവിഗേഷൻ സ്പാൻ ഉള്ളതിനാൽ ഇത് 17 മീറ്റർ വരെ ഉയർത്താൻ കഴിയുന്നതാണ്. ഇത് വലിയ കപ്പലുകളുടെ പോലും ഗതാഗതത്തെ സുഗമമാക്കുന്നു.
550 കോടി രൂപ ചെലവിൽ ആണ് ഇന്ത്യൻ സർക്കാർ പുതിയ പാമ്പൻ പാലം നിർമ്മിച്ചിരിക്കുന്നത്. പാമ്പൻ പാലം തുറന്നതിനുശേഷം ആദ്യത്തെ രാമേശ്വരം-താംബരം ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. പാലത്തിന്റെ പ്രവർത്തനം വീക്ഷിക്കുന്നതിനായി വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ മുകളിലേക്ക് ഉയരുമ്പോൾ ഒരു കോസ്റ്റ് ഗാർഡ് കപ്പലും ഫ്ലാഗ് ഓഫ് ചെയ്യുന്നതാണ്. ഭാവിയിലേക്കുള്ള ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് ഇരട്ട റെയിൽ ട്രാക്കുകൾ ആണ് പാമ്പൻ പാലത്തിൽ നിർമ്മിച്ചിട്ടുള്ളത്.
രാമായണവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നതിനാൽ ഹൈന്ദവ തീർത്ഥാടകർക്ക് പ്രിയപ്പെട്ട പ്രദേശമാണിത്.
രാമേശ്വരത്തിനടുത്തുള്ള ധനുഷ്കോടിയിൽ നിന്നാണ് രാമസേതുവിന്റെ നിർമ്മാണം ആരംഭിച്ചതെന്നാണ് രാമായണത്തിൽ വ്യക്തമാക്കുന്നത്. ഈ കാരണംങ്ങൾ കണക്കിലെടുത്താണ് രാമനവമി ദിനത്തിൽ പുതിയ പാമ്പൻ പാലത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിട്ടുള്ളത്.
Discussion about this post