ലഖ്‌നൗ : സമാജ്‌വാദി പാർട്ടി നേതാവ് 700 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി ഇ ഡി. അന്വേഷണവുമായി ബന്ധപ്പെട്ട് 10 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതിനെ തുടർന്നാണ് ഇ ഡി ഈ വൻ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. സമാജ്‌വാദി പാർട്ടി നേതാവും മുൻ എംഎൽഎയുമായ വിനയ് ശങ്കർ തിവാരി ആണ് കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയത്.
വിനയ് ശങ്കർ തിവാരിയുടെ ഗംഗോത്രി എന്റർപ്രൈസസ് ലിമിറ്റഡുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വമ്പൻ തട്ടിപ്പ് പുറത്തുവന്നിരിക്കുന്നത്. ഏകദേശം 700 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 17 പ്രകാരമാണ് ഇ ഡി റെയ്ഡുകൾ നടത്തിയത്. ഗൊരഖ്പൂർ, ലഖ്‌നൗ, നോയിഡ, മഹാരാജ്ഗഞ്ച്, ഡൽഹി, മുംബൈ എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിലെ ഗംഗോത്രി എന്റർപ്രൈസസ് ലിമിറ്റഡ് സ്ഥാപനങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തിയത്.
സമാജ്‌വാദി പാർട്ടി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം അനധികൃതമായതും വഴിവിട്ടതുമായ ഇടപാടുകൾ നടത്തുന്നതായി ബന്ധപ്പെട്ട് നേരത്തെ തന്നെ രാജ്യത്തെ പല പ്രമുഖ ബാങ്കുകളും പരാതി ഉന്നയിച്ചിരുന്നു. ഗംഗോത്രി എന്റർപ്രൈസസ് അനുവദിച്ച വായ്പകൾ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ മറ്റ് സ്ഥാപനങ്ങളിലേക്ക് തിരിച്ചുവിട്ടതായി ബാങ്ക് ഓഫ് ഇന്ത്യയും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സിബിഐയും ഈ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post