തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന് കൂടുതല്‍ സീറ്റ് നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ്. മൂന്ന് സീറ്റ് അധികം ചോദിച്ച കേരള കോണ്‍ഗ്രസിനോട് ഒരു സീറ്റ് പോലും അധികം നല്‍കാനാവില്ലെന്നും പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകള്‍ തിരിച്ച് നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
എന്നാല്‍ വേണമെങ്കില്‍ ആലത്തൂര്‍, തളിപ്പറമ്പ്, പേരാമ്പ്ര സീറ്റുകള്‍ വെച്ചുമാറാമെന്നും മറ്റ് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലെന്നുമായിരുന്നു കേരള കോണ്‍ഗ്രസ് നിലപാട്. ഉഭയകക്ഷി ചര്‍ച്ച 14 ന് വീണ്ടും തുടരും. കേരള കോണ്‍ഗ്രസ് 15 സീറ്റിലാണ് കഴിഞ്ഞ തവണ മത്സരിച്ചത്. 18 സീറ്റുകളാണ് ഇപ്രാവശ്യം ചോദിച്ചത്.
അതിനിടെ, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് അങ്കമാലി സീറ്റ് വിട്ടുനല്‍കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ ആ ചര്‍ച്ചയും പരാജയപ്പെട്ടു. ചര്‍ച്ചകളില്‍ തൃപ്തിയില്ലെന്ന് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറഞ്ഞു. അതേ സമയം വെള്ളിയാഴ്ചയും ചര്‍ച്ച തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
Discussion about this post