ന്യൂഡൽഹി : ഡോ. ബി.ആർ. അംബേദ്കറുടെ 135-ാം ജന്മവാർഷിക ആഘോഷത്തിലാണ് രാജ്യം. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർലമെന്റ് വളപ്പിലെ ഭരണഘടനാ ശിൽപിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, കേന്ദ്രമന്ത്രിയും ബിജെപി പ്രസിഡന്റുമായ ജെ.പി. നദ്ദ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവരും അംബേദ്കറിന് ആദരാഞ്ജലി അർപ്പിച്ചു.
ആധുനിക ഇന്ത്യയുടെ ജനാധിപത്യപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെ രാഷ്ട്രപതി പ്രശംസിച്ചു. സാമൂഹിക നീതി എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി രാജ്യം ഇന്ന് സമർപ്പിതമായിരിക്കുന്നത് ഡോ. ബി ആർ അംബേദ്കറിന്റെ പ്രചോദനം മൂലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. അദ്ദേഹത്തിന്റെ തത്വങ്ങളും ആശയങ്ങളും ഒരു ‘ആത്മനിർഭർ’ (സ്വാശ്രയ) വികസിത ഇന്ത്യയുടെ നിർമ്മാണത്തെ ശക്തിപ്പെടുത്തുകയും വേഗത്തിലാക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ സൂചിപ്പിച്ചു.
1891 ഏപ്രിൽ 14 ന് മധ്യപ്രദേശിലെ മോവിൽ ആണ് ഡോ. ഭീംറാവു അംബേദ്കർ ജനിച്ചത്. ഒരു അഭിഭാഷകനായ അദ്ദേഹം സാമ്പത്തിക ശാസ്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ, മികച്ച സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിലും പ്രശസ്തനായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ശില്പിയാണ് ബി ആർ അംബേദ്കർ. ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാനുമായിരുന്നു അദ്ദേഹം. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, നീതി എന്നിവയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഇന്ത്യൻ ഭരണഘടനയുടെ അടിത്തറ സ്ഥാപിച്ചത്. രാജ്യത്തിന്റെ ആദ്യത്തെ നിയമമന്ത്രി കൂടിയായിരുന്നു അദ്ദേഹം.
Discussion about this post