വീട്ടിൽ കുട്ടികൾ ഉണ്ടാവുന്നത് രസമാണ്. കളിചിരികളും പിണക്കങ്ങളും ഓമനയും കുസൃതികളുമൊക്കെയായി ഒരു വീടുണരാൻ കുട്ടികൾ ഉണ്ടായാൽ മതി. പൊതുവേ, ഒരു വീട്ടിലെ ഇളയകുട്ടി ഇത്തിരി വഴക്കാളിയും കുസൃതിയുമാകുമ്പോൾ മൂത്ത സന്താനം കുറച്ച് പാവവും പക്വത കാണിക്കുന്നവരുമാകും അല്ലേ..
ഇത് മാത്രമല്ല മൂത്ത കുട്ടികളാകുന്നത് കുറച്ച് അഹങ്കരിക്കാനും സങ്കടപ്പെടാനുമുള്ള കാര്യമാണ്. വീട്ടിലെ മൂത്ത കുട്ടി മറ്റ് ഇളയ കുട്ടികളെക്കാൾ കഴിവും ബുദ്ധിയുമുള്ളവരാണെന്ന് പല പഠനങ്ങളിലും പറയുന്നുണ്ട്. മിക്ക വീടുകളിലും അങ്ങനെയായിരിക്കും കണ്ടുവരുന്നതും.സ്‌കോട്‌ലാൻഡിലെ എഡിൻബറോ സർവകലാശാല നടത്തിയ പഠനത്തിൽ മൂത്തകുട്ടികൾ ഒരു വയസ്സിൽ തന്നെ സഹോദരങ്ങളെക്കാൾ ഐക്യു ടെസ്റ്റുകളിൽ ഉയർന്ന സ്‌കോർ നേടുന്നുവെന്ന് കണ്ടെത്തി.
എസെക്‌സ് സർവകലാശാല നടത്തിയ മറ്റൊരു പഠനത്തിൽ മൂത്തകുട്ടികൾ ഇളയസഹോദരങ്ങളെ അപേക്ഷിച്ച് 16 ശതമാനം കൂടുതൽ അക്കാദമിക് മികവ് പുലർത്താൻ സാധ്യതയുണ്ടെന്നും, മൂത്ത പെൺമക്കൾ മൂത്ത ആൺമക്കളെ അപേക്ഷിച്ച് നാല് ശതമാനം കൂടുതൽ ഉന്നത വിദ്യാഭ്യാസം നേടാനുള്ള സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു
ആദ്യ കുട്ടി ജനിക്കുമ്പോൾ മാതാപിതാക്കളുടെ ശ്രദ്ധയും പിന്തുണയും കൂടുതൽ ലഭിക്കുന്നു. ഇത് അവരുടെ ചിന്താശേഷി വളർത്തുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ഇത് പ്രശ്‌ന പരിഹാര കഴിവ്, വായന, ഗ്രഹണ കഴിവുകൾ എന്നിവയിൽ പ്രതിഫലിച്ചു. എന്നാൽ ഇളയകുട്ടികൾക്ക് താരതമ്യേന മാതാപിതാക്കളുടെ ശ്രദ്ധ കുറയുമെന്ന് പഠനം പറയുന്നു. ഇളയകുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നതും അവർക്ക് മാനസിക ഉത്തേജനം നൽകുന്നതും കുറവാണെന്നും പഠനം സൂചിപ്പിക്കുന്നു.
ഒരു വീട്ടിലെ എത്രാമത്തെയാളായി ജനിക്കുന്നു എന്നത് നിങ്ങളുടെ വ്യക്തിത്വത്തെ ബാധിക്കുമോ? മാതാപിതാക്കളുടെ മൂത്ത മകളായി ജനിക്കുന്നത് ചില പ്രത്യേകതരം മാനസികാരോഗ്യ വെല്ലുവിളികൾ ഉയർത്താമെന്നാണ് ചർച്ചകൾ പറയുന്നത്.’മൂത്ത മകൾ സിൻഡ്രോം’ .മൂത്ത കുട്ടികൾക്ക് വളരെ ചെറുപ്പത്തിൽ തന്നെ പല ഉത്തരവാദിത്തങ്ങളും ഏൽക്കേണ്ടി വരാറുണ്ടെന്നും പെൺകുട്ടികളായാൽ ഇത് കുറച്ചധികമായിരിക്കുമെന്നും മനശാസ്ത്ര വിദഗ്ധർ പറയുന്നു. വീട്ടിലെ കാര്യങ്ങളും സഹോദരങ്ങളുടെ കാര്യങ്ങളുമൊക്കെ പലപ്പോഴും മൂത്ത മകളുടെ ഭാരിച്ച ഉത്തരവാദിത്തമായി മാറാറുണ്ട്. എല്ലാവർക്കും മാതൃക ആയിട്ട് ഇരിക്കാനുള്ള സമ്മർദ്ദം വേറെ.
Discussion about this post