ലണ്ടൻ : യുകെയിൽ കഴിഞ്ഞദിവസം ഒരു അപൂർവ്വ ലേലം നടന്നു. ഒരു പഴയ കത്താണ് ലേലം ചെയ്യപ്പെട്ടത്. 1912 ഏപ്രിൽ 10 ന് സതാംപ്ടണിൽ നിന്ന് അയച്ച ഈ കത്ത് മൂന്നര കോടിയോളം രൂപയ്ക്കാണ് ലേലം ചെയ്യപ്പെട്ടത്. അതിനുള്ള കാരണം ഈ കത്തിന് ടൈറ്റാനിക് കപ്പലുമായുള്ള ബന്ധമാണ്. ടൈറ്റാനിക് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട കേണൽ ആർച്ചിബാൾഡ് ഗ്രേസി എഴുതിയ കത്താണ് കഴിഞ്ഞദിവസം വിൽറ്റ്ഷയറിൽ മൂന്നുലക്ഷം പൗണ്ട് (മൂന്നര കോടിയോളം ഇന്ത്യൻ രൂപ) എന്ന റെക്കോർഡ് തുകയ്ക്ക് ലേലം ചെയ്തത്.
വിൽറ്റ്ഷെയർ ആസ്ഥാനമായുള്ള ലേല സ്ഥാപനമായ ഹെൻറി ആൽഡ്രിഡ്ജ് & സൺ ആണ് ഈ കത്ത് ലേലത്തിന് വച്ചിരുന്നത്. “മ്യൂസിയം ഗ്രേഡ്” എന്നായിരുന്നു കമ്പനി ഈ കത്തിനെ വിശേഷിപ്പിച്ചത്. യു എസിലുള്ള ഒരു സ്വകാര്യ വ്യക്തിയാണ് കത്ത് റെക്കോർഡ് തുകയ്ക്ക് ലേലത്തിൽ വാങ്ങിയത്. ടൈറ്റാനിക് ദുരന്തത്തെ അതിജീവിച്ചു എങ്കിലും ഈ അപകടത്തിന്റെ ബാക്കിയായി ലഭിച്ച ഹൈപ്പോഥെർമിയ എന്ന രോഗം മൂലം വളരെ ദുരിതം അനുഭവിച്ച വ്യക്തിയായിരുന്നു ഈ കത്ത് എഴുതിയിരുന്ന കേണൽ ആർച്ചിബാൾഡ് ഗ്രേസി.
” ഇതൊരു നല്ല കപ്പൽ ആണ്, പക്ഷേ എന്റെ യാത്രയുടെ അവസാനം എത്തിയതിനു മാത്രമേ എനിക്ക് ഈ കപ്പലിനെ കുറിച്ചുള്ള ശരിയായ വിധി പറയാൻ കഴിയൂ ” എന്നാണ് കേണൽ ആർച്ചിബാൾഡ് ഗ്രേസി ഈ കത്തിൽ എഴുതിയിരുന്നത്. യൂറോപ്യൻ യാത്ര കഴിഞ്ഞ് ന്യൂയോർക്കിലേക്ക് മടങ്ങുന്ന ഒരു ഫസ്റ്റ് ക്ലാസ് യാത്രക്കാരനായിരുന്നു അന്ന് 54 വയസ്സുള്ള കേണൽ ഗ്രേസി. ടൈറ്റാനിക് മഞ്ഞുമലയിൽ ഇടിച്ചതിനുശേഷം ഒരു ലൈഫ് ബോട്ടിലേക്ക് നീന്തിക്കയറി ഗ്രേസി മരണത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു. പിന്നീട് 1913-ൽ മരണാനന്തരം പ്രസിദ്ധീകരിച്ച ദി ട്രൂത്ത് എബൗട്ട് ദി ടൈറ്റാനിക് എന്ന പുസ്തകത്തിൽ അദ്ദേഹം തന്റെ വേദനാജനകമായ അനുഭവങ്ങൾ ലോകത്തോട് വ്യക്തമാക്കിയിരുന്നു.
Discussion about this post