ഇസ്ലാമാബാദ് : ജമ്മു കശ്മീരിലെ പഹൽഗാം ആക്രമണത്തിൽ 26 നിരപരാധികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് പാകിസ്താൻ കടുത്ത അന്താരാഷ്ട്ര സമ്മർദ്ദമാണ് നേരിടുന്നത്. എന്നാൽ രാജ്യത്തിന് പുറത്തുനിന്ന് മാത്രമല്ല പാകിസ്താൻ വെല്ലുവിളികൾ നേരിടുന്നത് എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. പാകിസ്താനിൽ സൈന്യവും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലും സംഘർഷവും ആണ് ഇപ്പോൾ ചർച്ചയാകുന്നത്.
പാക് സൈനിക ജനറലിനെ പോലും അധിക്ഷേപിക്കുന്ന പോലീസുകാരുടെ ചില വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പാക് പൗരന്മാരുടെ കടുത്ത വിമർശനമാണ് ഇതോടെ ഉദ്യോഗസ്ഥർക്ക് നേരിടേണ്ടി വന്നത്. പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ആണ് സൈന്യവും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
പോലീസ് സ്റ്റേഷനിലേക്ക് എത്തിയ സൈനികരുടെ വാഹനത്തെ പോലീസ് ഉദ്യോഗസ്ഥർ തടയുകയായിരുന്നു. തങ്ങളുടെ അധികാരപരിധിയിൽ സൈന്യം കൈ കടത്തുന്നതായി നേരത്തെ തന്നെ ഖൈബർ പഖ്തൂൺഖ്വയിലെ പോലീസ് സേനയ്ക്കിടയിൽ അമർഷം ഉണ്ടായിരുന്നു. ഇതിനിടെ സൈനിക ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്ക് വന്നപ്പോൾ വാഹനം തടഞ്ഞ പോലീസുകാരൻ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും കാശ്മീരിലേക്ക് പോകൂ എന്നുമാണ് സൈനികരോട് പറഞ്ഞത്. നിന്റെയൊക്കെ ജനറൽ വന്നാൽ പോലും ഞങ്ങളുടെ സ്റ്റേഷനിനുള്ളിലേക്ക് കടത്തില്ല എന്നും ഈ പോലീസുകാരൻ പറയുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ദൃശ്യമാണ്. ഇത്തരത്തിൽ സൈന്യത്തെ മുഴുവൻ അധിക്ഷേപിക്കുന്ന രീതിയിലാണ് ഖൈബർ പഖ്തൂൺഖ്വയിലെ പോലീസ് പെരുമാറുന്നത് എന്നാണ് വിമർശനമുയരുന്നത്.
Discussion about this post