കേരളത്തിൽ ശക്തമായ മഴ തുടരുന്നു ; 12 ജില്ലകൾക്ക് മുന്നറിയിപ്പ് ; അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

Published by
Brave India Desk

തിരുവനന്തപുരം : കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും അതിശക്തമായ മഴ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിലെ 12 ജില്ലകൾക്ക് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നൽകിയിട്ടുണ്ട്. അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി മെയ് 21 ഓടെ ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി രൂപപ്പെട്ട് മെയ് 22 ഓടെ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ അടുത്ത അഞ്ചു ദിവസവും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ഇന്ന് നാല് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വടക്കൻ കേരളത്തിൽ ആയിരിക്കും ഇന്ന് മഴ കൂടുതൽ ശക്തമാവുക എന്നാണ് മുന്നറിയിപ്പ് ഉള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ഇന്ന് കേരളത്തിലെ 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ചൊവ്വാഴ്ച യെല്ലോ അലർട്ട് ഉള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാഹചര്യമാണ് ഈ ജില്ലകളിൽ നിലനിൽക്കുന്നത്.

Share
Leave a Comment

Recent News