ന്യൂഡൽഹി : കോവിഡ്-19 ന്റെ വകഭേദമായ എക്സ്.എഫ്.ജി ഇന്ത്യയിലും കണ്ടെത്തി. കാനഡയിൽ ആദ്യമായി കണ്ടെത്തിയ എക്സ്.എഫ്.ജി വകഭേദത്തിൽ നാല് പ്രധാന സ്പൈക്ക് മ്യൂട്ടേഷനുകൾ ആണുള്ളത്. കൊറോണ വൈറസിന്റെ ഒമിക്രോൺ ഉപ വകഭേദത്തിന്റെ പിൻഗാമിയാണിത്. ആഗോളതലത്തിൽ അതിവേഗ വ്യാപനമാണ് എക്സ്.എഫ്.ജി കൈവരിക്കുന്നത്.
ഇന്ത്യൻ SARS-CoV-2 ജീനോമിക്സ് കൺസോർഷ്യത്തിന്റെ (INSACOG) ഡാറ്റ പ്രകാരം ഇതുവരെ 163 രോഗികളിൽ ആണ് എക്സ്.എഫ്.ജി വകഭേദം കണ്ടെത്തിയിട്ടുള്ളത്. രോഗികളിൽ ഏറ്റവും കൂടുതൽ പേരുള്ളത് മഹാരാഷ്ട്രയിലാണ്. 89 രോഗികൾക്കാണ് ഇവിടെ ഈ പുതിയ വകഭേദം കണ്ടെത്തിയിട്ടുള്ളത്. കേരളത്തിൽ 15 പേർക്കും തമിഴ്നാട്ടിൽ 16 പേർക്കും എക്സ്.എഫ്.ജി വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. മുൻ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ എളുപ്പത്തിൽ പകരാൻ ശേഷിയുള്ളതാണ് എക്സ്.എഫ്.ജി വകഭേദം.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 769 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയിലുടനീളം ആകെ 6,491 സജീവ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1,957 സജീവ കോവിഡ് കേസുകളാണ് നിലവിൽ കേരളത്തിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം കേരളത്തിൽ പുതിയ 7 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു.
Discussion about this post