സിനിമാ തീയറ്ററുകളിലെ അധിക ടിക്കറ്റ് നിരക്ക് ചോദ്യം ചെയ്ത് നൽകിയ പൊതുതാൽപര്യ ഹർജിയിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം മറുപടി നൽകാൻ സർക്കാരിന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. കോട്ടയം തിരുവാർപ്പ് സ്വദേശി മനു നായർ ജിയാണ് ഹർജി നൽകിയത്.
സംസ്ഥാനത്തെ സിനിമാ തീയറ്ററുകളിലെ ടിക്കറ്റ് നിരക്ക് ഏകീകരിക്കണമെന്നും അധിക നിരക്ക് ഈടാക്കുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പിവിആർ ഇനോക്സ് ഉൾപ്പടെയുള്ള മൾട്ടി പ്ലക്സുകൾ പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നും ഹർജിയിൽ ആക്ഷേപമുണ്ട്.
ആന്ധ്ര പ്രദേശ്, കർണാടക, തമിഴ്നാട് ഉൾപ്പടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ നിയമം നിലവിലുണ്ട്.സമാന വിഷയത്തിൽ മദ്രാസ്, തെലങ്കാന ഹൈക്കോടതികൾ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഹർജിയിൽ സംസ്ഥാന സർക്കാരിനൊപ്പം ഫിക്കി – മൾട്ടി പ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, സിനി എക്സിബിറ്റേഴ്സ് ഫെഡറേഷൻ, പിവിആർ ഇനോക്സ്, സിൻ പോളിസ് തുടങ്ങിയവരും എതിർ കക്ഷികളാണ്.
Discussion about this post