ഗാന്ധിനഗർ : അഹമ്മദാബാദ് വിമാനാപകടത്തിൽ ഒരാളെ ജീവനോടെ കണ്ടെത്തി. ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പൗരനുമായ വിശ്വാഷ് കുമാർ രമേശ് ആണ് അപകടത്തിൽ അതിജീവിച്ചത്. സഹോദരൻ അജയകുമാർ രമേശിനോടൊപ്പം ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം. സാരമല്ലാത്ത രീതിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വിശ്വാഷ് കുമാറിനെ അഹമ്മദാബാദിലെ അസർവ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേന്ദ്ര ഭരണ പ്രദേശമായ ദാമൻ ആൻഡ് ദിയു സ്വദേശിയാണ് വിശ്വാഷ് കുമാർ. ചെറിയ പരിക്കുകൾ മാത്രമാണ് ഇദ്ദേഹത്തിന് സംഭവിച്ചിട്ടുള്ളത്. അപകടത്തിൽ വിമാനത്തിന്റെ എമർജൻസി എക്സിറ്റിലൂടെ തെറിച്ചു വീണ വിശ്വാഷ് കുമാർ അത്ഭുതകരമായ രീതിയിൽ രക്ഷപ്പെടുകയായിരുന്നു. എമർജൻസി എക്സിറ്റിലൂടെ ചാടി എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. നടന്നുകൊണ്ടാണ് അദ്ദേഹം ആംബുലൻസിൽ കയറിയത്. അദ്ദേഹത്തിന്റെ സഹോദരനെ കുറിച്ച് വിവരമില്ലെന്നാണ് ലഭിക്കുന്ന സൂചന.
20 വർഷമായി ലണ്ടനിൽ കഴിയുന്ന ബ്രിട്ടീഷ് പൗരത്വമുള്ള വ്യക്തിയാണ് വിശ്വാഷ് കുമാർ രമേശ്. 11A സീറ്റിലുണ്ടായിരുന്ന യാത്രക്കാരൻ ആണ് ഇദ്ദേഹം. അപകടത്തിൽ വിമാനത്തിൽ നിന്നും തെറിച്ചു വീണെന്നും ബോധം വന്നപ്പോൾ ചുറ്റും മൃതദേഹങ്ങൾ ആയിരുന്നു എന്നും വിശ്വാഷ് കുമാർ ആശുപത്രിയിൽ വച്ച് വ്യക്തമാക്കി. ടേക്ക് ഓഫ് ചെയ്ത് മുപ്പത് സെക്കൻഡുകൾക്ക് ശേഷം, ഒരു വലിയ ശബ്ദം ഉണ്ടായി, തുടർന്ന് വിമാനം തകർന്നു വീണു. എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത് എന്നും വിശ്വാഷ് കുമാർ വ്യക്തമാക്കി.
Discussion about this post