ടെഹ്റാൻ : ഇസ്രായേൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാനിൽ റേഡിയോ ആക്ടീവ്, രാസ മലിനീകരണം സംഭവിച്ചതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ) മേധാവി റാഫേൽ ഗ്രോസി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിനെ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇറാൻ 60% ശുദ്ധതയോടെ യുറേനിയം സമ്പുഷ്ടമാക്കുന്ന നതാൻസ് പൈലറ്റ് പ്ലാന്റിൽ ആണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
“നതാൻസ് ആണവ കേന്ദ്രത്തിന്റെ മുകൾഭാഗം ഇസ്രായേൽ ആക്രമണത്തിൽ തകർന്നു . സ്ഥലത്തെ ഭൂഗർഭ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി സൂചനകളൊന്നുമില്ല. പക്ഷേ വൈദ്യുതി തടസ്സം സെൻട്രിഫ്യൂജുകളെ ബാധിച്ചിരിക്കാം. സ്ഥലത്ത് റേഡിയോ ആക്ടീവ്, രാസ മലിനീകരണം ഉണ്ട്,” എന്നാണ് റാഫേൽ ഗ്രോസി വ്യക്തമാക്കിയിരിക്കുന്നത്.
ഫോർഡോ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റ്, ഇസ്ഫഹാനിലെ മറ്റ് രണ്ട് ആണവോർജ സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ എന്നിവയെ കുറിച്ചാണ് ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയെ അറിയിച്ചിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ അവിടെ സൈനിക പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നതിനപ്പുറം കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല എന്നും അദ്ദേഹം അറിയിച്ചു.
Discussion about this post