എറണാകുളം : കേരളതീരത്ത് വച്ച് തീപിടിച്ച സിംഗപ്പൂർ കപ്പലിൽ നിന്നും കടലിലേക്ക് മറിഞ്ഞുവീണ കണ്ടെയ്നറുകൾ തിങ്കളാഴ്ചയോടെ തീരത്തടിയുമെന്ന് റിപ്പോർട്ട്. എം വി വാന്‍ ഹായ് 503 കപ്പലില്‍ നിന്നും കടലിലേക്ക് പതിച്ച കണ്ടെയ്നറുകൾ ആണ് തിങ്കളാഴ്ചയോടെ തീരത്ത് എത്തുമെന്ന് കണക്കുകൂട്ടുന്നത്. എറണാകുളം മുതൽ കൊല്ലം വരെയുള്ള തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചു.
കപ്പലിൽ നിന്ന് വീണത് എന്ന് സംശയം തോന്നുന്ന ഒരു വസ്തുവും പൊതുജനങ്ങൾ സ്പർശിക്കരുത് എന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. എറണാകുളത്തിന്റെ തെക്കൻ തീരം മുതൽ ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരപ്രദേശങ്ങൾ വരെയാണ് കണ്ടെയ്നറുകൾ വന്നടിയാൻ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നത്.
കോസ്റ്റ് ഗാര്‍ഡ്, ഐടിഒപിഎഫ് എന്നിവരാണ് കണ്ടെയ്നറുകളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കപ്പലിൽ നിന്നും വീണതായി സംശയിക്കപ്പെടുന്നതായി തോന്നുന്ന വസ്തുക്കളിൽ നിന്നും 200 മീറ്റർ അകലം പാലിച്ചു വേണം നിൽക്കാൻ എന്നും മുന്നറിയിപ്പുണ്ട്. അപകടകരമായ വസ്തുക്കൾ ഈ കണ്ടെയ്നറുകളിൽ ഉണ്ടാകാൻ സാധ്യതയുള്ളതായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാൽ 112ൽ വിളിച്ച് അറിയിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post