ലഖ്‌നൗ : ഉത്തർപ്രദേശിലെ ലഖ്‌നൗ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ സൗദി അറേബ്യൻ എയർലൈൻസ് വിമാനത്തിൽ തീയും പുകയും. ഹജ്ജ് തീർത്ഥാടകരുമായി സൗദിയിൽ നിന്നും എത്തിയ വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. ലാൻഡിംഗിനിടെ വിമാനത്തിന്റെ ചക്രത്തിൽ നിന്ന് തീപ്പൊരികളും പുകയും ഉയരുകയായിരുന്നു.
ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ ആണ് വിമാനത്തിൽ സാങ്കേതിക തകരാർ ഉണ്ടായത്. ഹജ്ജ് തീർത്ഥാടകരായ 250 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സൗദി അറേബ്യ എയർലൈൻസിന്റെ SV 3112 വിമാനം രാവിലെ 6:30 ന് ആണ് ലഖ്‌നൗവിൽ ലാൻഡ് ചെയ്തത്. തലനാരിഴക്ക് വലിയ ദുരന്തമാണ് ഒഴിവായത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനം റൺവേയിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ, ഇടതുവശത്തെ ചക്രത്തിൽ നിന്ന് പുകയും തീപ്പൊരികളും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വിമാനത്താവളത്തിലെ ഫയർ ആൻഡ് റെസ്ക്യൂ സംഘം ഉടൻ തന്നെ സ്ഥലത്തെത്തി അപകടം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. 20 മിനിറ്റിനുള്ളിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു.
Discussion about this post