മുംബൈ: പുനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന വിദ്യാര്‍ഥി സമരത്തിനിടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രശാന്ത് പത്രാബെയെ ഘെരാവോ ചെയ്ത സംഭവത്തില്‍ ഏഴു മലയാളികള്‍ അടക്കം 35 വിദ്യാര്‍ഥികള്‍ക്ക് എതിരെ പൂനൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
നിയമവിരുദ്ധമായി സംഘംചേരല്‍, കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍, കലാപത്തിന് പ്രേരിപ്പിക്കല്‍, ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ചുമത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് റെജിസ്ട്രാര്‍ യു.സി. ബൊഡാകെയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
തൃശൂര്‍ സ്വദേശികളായ അജയന് അടാട്ട്, രഞ്ജിത് നായര്‍, കണ്ണൂര്‍ സ്വദേശികളായ ജെ.കെ. ഷിനി, ജിതിന് ദാസ്, കോഴിക്കോട് സ്വദേശി ഷാനെറ്റ് ഷിജൊ, കൊല്ലം സ്വദേശി അന്‍വര്‍ ഷംസുദ്ദീന്, തിരുവനന്തപുരം നിവാസി ഹിലാല്‍ സവാദ് എന്നിവരാണ് കേസിലെ മലയാളികള്‍. നേരത്തേ മുന്‍കൂര്‍ ജാമ്യം നേടിയ 12 പേര്‍ക്കും കഴിഞ്ഞ ദിവസം പുതുതായി പ്രതിചേര്‍ക്കപ്പെട്ട 18 പേര്‍ക്കും പുനൈ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എസ്.എസ്. ബാങ്കഡെ ജാമ്യം നല്കി. അടുത്ത മാസം രണ്ടിനാണ് വാദം കേള്‍ക്കല്‍.
ഗജേന്ദ്ര ചൗഹാനെ ഭരണസമിതി അധ്യക്ഷനും മറ്റു നാലുപേരെ അംഗങ്ങളും ആക്കിയതിന് എതിരെ കഴിഞ്ഞ ജൂണ്‍ മുതല്‍ 139 ദിവസമാണ് പുനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം നടന്നത്.
Discussion about this post