ന്യൂഡൽഹി :വന്ദേഭാരതിൽ യാത്രക്കാർക്കു നൽകി വന്നിരുന്ന വെള്ളത്തിന്റെ ഒരു ലിറ്റർ കുപ്പി ഇനി ഉണ്ടാകില്ല. പകരം അര ലിറ്ററിന്റെ വെള്ളക്കുപ്പി ആയിരിക്കും . കൂടുതൽ വെള്ളം വേണ്ടവർക്ക് അര ലിറ്റർ വെള്ളത്തിന്റെ കുപ്പി കൂടി നൽകും. ജലം പാഴാക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. വേനൽക്കാലമായതോടെ വെള്ളത്തിനു കടുത്ത ക്ഷാമമാണ് നേരിടുന്നത് ഇതേ തുടർന്നാണ് തീരുമാനം.
യാത്രക്കാർക്ക് 500 മില്ലി ലിറ്ററിന്റെ റെയിൽ നീർ ആയിരിക്കും ലഭിക്കുക. കൂടുതൽ വെള്ളം ആവശ്യമായി വരുന്ന യാത്രക്കാർ ആവശ്യപ്പെടുകയാണെങ്കിൽ 500 മില്ലി ലിറ്ററിന്റെ ഒരു ബോട്ടിൽ കൂടി ലഭിക്കും. ഇങ്ങനെ രണ്ടാമത് ലഭിക്കുന്ന വെള്ളത്തിന് അധികമായി ചാർജ് നൽകേണ്ട ആവശ്യമില്ല .
കുടിവെള്ളത്തിന്റെ അനാവശ്യമായ ഉപയോഗം കുറയ്ക്കുന്നതിനാണ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്നതെന്ന് ഉത്തര റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ പറഞ്ഞു. വന്ദേഭാരത് ട്രെയിനിൽ ചെറിയ ദൂരത്തിൽ ആയിരിക്കും കൂടുതൽ യാത്രക്കാരും സഞ്ചരിക്കുന്നത്. അവർക്ക് കൂടുതൽ ഉപകാരപ്രദമാകുന്നതും 500 മില്ലി ലിറ്ററിന്റെ വെള്ളക്കുപ്പി ആയിരിക്കും. അതുകൂടി പരിഗണിച്ചാണ് റെയിൽവേ ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയത്.
കൂടാതെ 158 കേന്ദ്രങ്ങളിൽ മഴവെള്ള സംഭരണ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി മൂന്ന് ഓട്ടോമാറ്റിക് കോച്ച് വാഷിംഗ് പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 5 ലക്ഷത്തോളം മരങ്ങൾ വിവിധ സ്ഥലങ്ങളിലായി നട്ടു പിടിപ്പിച്ച് വിപുലമായ വനവൽക്കരണ പദ്ധതികളും സെൻട്രൽ റെയിൽവേ ഏറ്റെടുത്തിട്ടുണ്ട്.
Discussion about this post