മോസ്‌കോ : റഷ്യയുടെ മുൻ ഗതാഗത മന്ത്രി റോമൻ സ്റ്റാരോവോയ്റ്റ് അന്തരിച്ചു. കാറിനുള്ളിൽ സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ആണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കി ഉത്തരവിറക്കി ഏതാനും മണിക്കൂറുകൾക്കു ശേഷമായിരുന്നു സംഭവം നടന്നത്.
സ്റ്റാരോവോയിറ്റിനെ പുറത്താക്കിയതായി ക്രെംലിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസിഡന്റിന്റെ ഉത്തരവിൽ അദ്ദേഹത്തെ പുറത്താക്കിയതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. 2024 മെയ് മാസത്തിൽ ആണ് റഷ്യയുടെ ഗതാഗത മന്ത്രിയായി 53 വയസ്സുള്ള സ്റ്റാരോവോയ്റ്റ് നിയമിതനായിരുന്നത്. 2018 മുതൽ 2024 വരെ തെക്കുപടിഞ്ഞാറൻ കുർസ്ക് മേഖലയുടെ ഗവർണറായിരുന്നു റോമൻ സ്റ്റാരോവോയ്റ്റ്.
പ്രതിരോധ ആവശ്യങ്ങൾക്കായി നീക്കിവച്ച ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് സ്റ്റാരോവോയ്റ്റിന്റെ പിൻഗാമിയായ ഗവർണർ അലക്സി സ്മിർനോവ്, മുൻ ഡെപ്യൂട്ടി അലക്സി ഡെഡോവ് എന്നിവരെ ഏപ്രിലിൽ റഷ്യൻ ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. സ്മിർനോവും മറ്റ് പ്രതികളും അടുത്തിടെ സ്റ്റാരോവോയ്റ്റിനെതിരെ മൊഴി നൽകിയതായി കൊമ്മേഴ്‌സന്റ് പത്രം റിപ്പോർട്ട് ചെയ്തു. ഇക്കാരണത്തിലാണ് അദ്ദേഹത്തെ ഗതാഗത മന്ത്രിസ്ഥാനത്തുനിന്നും പുടിൻ പുറത്താക്കിയത് എന്നാണ് സൂചന.
Discussion about this post