ന്യൂഡൽഹി : വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ താരങ്ങൾക്ക് ആദരവമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാൺ മാർഗിൽ വച്ചായിരുന്നു മോദിയും വനിതാ താരങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മോദിക്ക് ‘നമോ’ ജെഴ്സി സമ്മാനിച്ചു.

രാജ്യത്തിന് അഭിമാനം കൊണ്ടുവന്നതിന് പ്രധാനമന്ത്രി മോദി ടീമിനെ അഭിനന്ദിച്ചു.
ലോകകപ്പിലെ കഠിനമായ തുടക്കത്തിനു ശേഷം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പ്രകടിപ്പിച്ച മനക്കരുത്തും സ്ഥിരോത്സാഹവും അഭിനന്ദനീയമാണെന്ന് മോദി വ്യക്തമാക്കി. മൂന്ന് തോൽവികൾക്ക് ശേഷമുള്ള അവരുടെ തിരിച്ചുവരവിനെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു, ഇത് പ്രതിരോധശേഷിയുടെയും ടീം വർക്കിന്റെയും പാഠമാണെന്നും മോദി വിശേഷിപ്പിച്ചു.

2017 ൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഹർമൻപ്രീത് കൗർ അനുസ്മരിച്ചു. അന്ന് ട്രോഫിയില്ലാതെ അദ്ദേഹത്തെ കണ്ടുമുട്ടി, ഇപ്പോൾ ട്രോഫിയുമായി അദ്ദേഹത്തെ കണ്ടുമുട്ടിയതിനാൽ, ഇതേ രീതിയിൽ അദ്ദേഹത്തെ കൂടുതൽ തവണ കാണാൻ ആഗ്രഹിക്കുന്നതായി ഹർമൻപ്രീത് കൗർ അഭിപ്രായപ്പെട്ടു. ഞായറാഴ്ച നവി മുംബൈയിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം തങ്ങളുടെ കന്നി കിരീടം നേടിയത്.









Discussion about this post