ജീവിതശൈലീരോഗങ്ങൾ ഉൾപ്പെടെയുള്ളവരാണോ നിങ്ങൾ? എങ്കിൽ ഇനി യുഎസ് വിസ കിട്ടാൻ നിങ്ങൾ വിയർക്കും. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് പുറത്തുവിട്ട മാർഗനിർദേശങ്ങളിലാണ് വിസ നിഷേധിക്കാവുന്ന കാര്യങ്ങളെക്കുറിച്ച് പറയുന്നത്. ഇനി മുതൽ പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങൾ തുടങ്ങിയവ ഉള്ളവർക്ക് വിസ നിഷേധിക്കാമെന്നാണ് പുതിയ നിർദേശം.
ലോകമെമ്പാടുമുള്ള അമേരിക്കൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും ട്രംപ് ഭരണകൂടം ഇത് സംബന്ധിച്ചുള്ള നിർദേശം നൽകി കഴിഞ്ഞു. ഫിറ്റ് ആണെങ്കിൽ മാത്രം അമേരിക്കൻ വിസ നൽകിയെന്ന നിലപാട് സ്വീകരിക്കുമ്പോൾ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ രാജ്യത്തെ മെഡിക്കൽ സംവിധാനത്തെ കൂടുതലായി ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് ഈ നടപടി എന്നാണ് വിശദീകരണം.
സാംക്രമിക രോഗങ്ങൾ, വാക്‌സിനേഷൻ ചരിത്രം, മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പകർച്ചവ്യാധികൾ തുടങ്ങിയ രോഗാവസ്ഥയിലുള്ളവർക്ക് നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണത്തിന് പുറമെ ഇപ്പോൾ പട്ടിക ദീർഘിപ്പിച്ചിരിക്കുകയാണ്. ഹൃദ്രോഗങ്ങൾ, ശ്വാസകോശ പ്രശ്‌നങ്ങൾ, കാൻസർ, പ്രമേഹം, നാഡീസംബന്ധമായ തകരാറുകൾ തുടങ്ങിയവയ്ക്കുള്ള സ്‌ക്രീനിങ് നടത്തിയാൽ മാത്രമേ ഇനി വിസ ലഭിക്കുക ഉള്ളു.
അപേക്ഷകന് പുറമെ അവരുടെ മക്കൾ, മാതാപിതാക്കൾ തുടങ്ങി അപേക്ഷകനെ ആശ്രയിച്ച് കഴിയുന്നവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും വൈകല്യങ്ങളും ഉണ്ടോയെന്നതും പരിശോധിക്കണമെന്ന് നിർദേശത്തിൽ പറയുന്നു.









Discussion about this post