കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനും ഇത്തവണ പെരുമാറ്റചട്ടം ബാധകമാകും. സോഷ്യല്‍ മീഡിയകളില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍മാരുടെ മുന്‍കൂര്‍ അനുമതിയും വേണ്ടിവരുന്നതുള്പ്പടെയുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താനാണ് നീക്കം.
സോഷ്യല്‍ മീഡിയകളും വെബ് സൈറ്റുകളും ഇലക്ട്രോണിക് മാധ്യമങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മുന്‍കൂര്‍ അനുമതി തേടണം.ജില്ലാ കലക്ടര്‍മാര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നോഡല്‍ ഓഫീസറുമായ മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിക്കാവും ഇതിന്റെ ചുമതല. നവമാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കുള്ള ചെലവുകളും തിരഞ്ഞെടുപ്പ് ചെലവുകളുടെ പരിധിയില്‍ ഉള്‍പ്പെടും. അതിനാല്‍ ഇവ വഴിയുളള പരസ്യങ്ങളുടെയും പ്രചാരണങ്ങളുടെയും വ്യക്തമായ കണക്കുകള്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും ഹാജരാക്കേണ്ടി വരും
പ്രചരണാവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നല്കുന്ന പണവും സോഷ്യല്‍ മീഡിയകളിലും വെബ്സൈറ്റുകളിലും പ്രചാരണ വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിനുള്ള ചെലവുകളും ഇതില്‍ ഉള്‍പ്പെടും. ഇതിന് പുറമെ കൂട്ട എസ്എംഎസ്, വോയ്സ് മെസേജ് സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഉപയോഗിക്കുന്നവരും കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം.
Discussion about this post