ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താനിൽ നിന്നുള്ള ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങൾ വർഷിക്കുന്നത് വർദ്ധിച്ചെന്ന് ബിഎസ്എഫ്. അതിർത്തി മേഖലയിൽ നിന്ന് വലിയ അളവിൽ ആയുധങ്ങളും വെടിക്കോപ്പുകളും സേന കണ്ടെടുത്തിട്ടുണ്ടെന്ന് ബിഎസ്എഫ് പഞ്ചാബ് ഫ്രോണ്ടിയർ ഇൻസ്‌പെക്ടർ ജനറൽ അതുൽ ഫുൽസെലെ പറഞ്ഞു.
ഈ വർഷം വിവിധതരത്തിലുള്ള ഇരുനൂറിലധികം ആയുധങ്ങൾ കണ്ടെടുത്തു. ഇവയിൽ ഭൂരിഭാഗവും പിസ്റ്റളുകളും ചിലത് എകെ-47 റൈഫിളുകളുമാണ്. ആയുധങ്ങൾ കൂടാതെ 265 മാഗസിനുകൾ, 3625 വെടിയുണ്ടകൾ, 10 കിലോ സ്‌ഫോടക വസ്തുക്കൾ, 12 ഗ്രനേഡുകൾ എന്നിവയും ഈ വർഷം ബിഎസ്എഫ് കണ്ടെടുത്തു. അതിർത്തി കടന്നെത്തിയ 272 ഡ്രോണുകൾ ബിഎസ്എഫ് പിടിച്ചെടുത്തു. ആയുധങ്ങൾ കൂടാതെ 367.788 കിലോ ഹെറോയിൻ, 19,033 കിലോ മാരക ലഹരിമരുന്നായ മെത്താംഫെറ്റമിൻ, 14.437 കിലോ കറുപ്പ് എന്നിവയും കണ്ടെടുത്തു. 251 ഇന്ത്യക്കാരെയും, 18 പാകിസ്താൻ പൗരന്മാരെയും, 3 ബംഗ്ലാദേശ് പൗരന്മാരെയും, 4 നേപ്പാൾ പൗരന്മാരെയും പഞ്ചാബ് ഫ്രോണ്ടിയർ ബിഎസ്എഫ് പിടികൂടിയിട്ടുണ്ട്. നുഴഞ്ഞുകയറാൻ ശ്രമിച്ച 3 പാകിസ്താനികളെ വധിച്ചുവെന്നും ബിഎസ്എഫ് പഞ്ചാബ് ഫ്രോണ്ടിയർ ഇൻസ്‌പെക്ടർ ജനറൽ അതുൽ ഫുൽസെലെ വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം പാക്ക് ഭീകരർ 72 കേന്ദ്രങ്ങൾ അതിർത്തിയിൽ നിന്ന് ഏറെ ഉള്ളിലേക്കു മാറ്റി സ്‌ഥാപിച്ചെന്ന് ബിഎസ്‌എഫ് ഇന്നലെ വ്യക്തമാക്കിയിരുന്നു. മെയ് 7 മുതൽ 10 വരെ നീണ്ട ഏറ്റുമുട്ടലുകൾക്കു ശേഷം നിലവിൽ വന്ന വെടിനിർത്തൽ ധാരണ ബിഎസ്എഫ് പാലിക്കുന്നുണ്ടെന്നും അതിർത്തി കടന്നുള്ള സൈനിക നടപടി പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചാൽ ശത്രുവിന് ഇതിലും കനത്ത നഷ്ടം വരുത്താൻ സേന തയാറാണെന്നും ബിഎസ്എഫ് ചൂണ്ടിക്കാട്ടിയിരുന്നു.









Discussion about this post