ബംഗ്ലാദേശിലെ ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. ധാക്കയിലെ ഇന്ത്യന്‍ വിസ സേവനങ്ങള്‍ക്കുളള പ്രധാന കേന്ദ്രമായ ജമുന ഫ്യൂച്ചര്‍ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ വിസാ അപേക്ഷാ കേന്ദ്രം സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു. ബുധനാഴ്ച്ച ഷെഡ്യൂള്‍ ചെയ്ത എല്ലാ അപേക്ഷകരെയും പിന്നീടുളള തീയതിയിലേക്ക് പുനക്രമീകരിക്കുമെന്ന് ഐവിഎസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ബംഗ്ലാദേശിലെ സുരക്ഷാ അന്തരീക്ഷം വഷളാകുന്നതിനിടെ രാജ്യത്തിന്റെ ആശങ്ക ഇന്ത്യ ബംഗ്ലാദേശ് ഹൈക്കമ്മീഷണറായ എം റിയാദ് ഹമീദുളളയെ വിളിച്ചുവരുത്തി അറിയിച്ചിരുന്നു. ബംഗ്ലാദേശിലെ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി (എന്‍സിപി) നേതാവ് ഹസ്‌നത്ത് അബ്ദുളള ഇന്ത്യാ വിരുദ്ധ പ്രസ്താവന നടത്തിയതിലും ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു
സപ്തസഹോദരിമാർ’ എന്നറിയപ്പെടുന്ന 7 ഇന്ത്യൻ സംസ്ഥാനങ്ങളെ മുറിച്ചുമാറ്റുമെന്നും ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയെ ഒറ്റപ്പെടുത്തുമെന്നും ഹസ്‌നത് അബ്ദുള്ള ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് തക്കതായ മറുപടി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ നൽകിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി, ബംഗ്ലാദേശിൽ നിന്ന് വീണ്ടും വീണ്ടും പ്രസ്താവനകൾ വരുന്നു, വടക്കുകിഴക്കൻ ഇന്ത്യയുടെ സംസ്ഥാനങ്ങൾ വേർപിരിഞ്ഞ് ബംഗ്ലാദേശിന്റെ ഭാഗമാകണം എന്ന്,’ ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെ ബംഗ്ലാദേശുമായി ലയിപ്പിക്കാനുള്ള ആശയം അപക്വവും അപകടകരവുമാണ് എന്ന് വിശേഷിപ്പിച്ച ഹിമന്ത ബിശ്വ ശർമ അത്തരം പ്രസ്താവനകളിൽ ഇന്ത്യ നിശ്ശബ്ദമായിരിക്കില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.












