ജന്തർ മന്തറിൽ 20 ദിവസമായി നിരാഹാര സമരം അനുഷ്ഠിച്ചതിന് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടർന്ന് സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് അടിയന്തര വൈദ്യസഹായം നിരസിക്കുന്നതായി റിപ്പോർട്ട്. ശരീരത്തിൽ നിർജ്ജലീകരണവും മെറ്റബോളിക് വ്യതിയാനങ്ങളും പ്രകടമായിട്ടും ഐവി ഫ്ലൂയിഡുകൾ ഒആർഎസ് ലായനി, മറ്റ് മരുന്നുകൾ എന്നിവ സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ലെന്ന് ആശുപത്രി അധികൃതർ ശനിയാഴ്ച അറിയിച്ചു.
അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ചികിത്സ സ്വീകരിക്കാൻ അദ്ദേഹത്തെ കൗൺസിലിംഗിന് വിധേയനാക്കുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി പോലീസാണ് 59-കാരനായ സോനം വാങ്ചുകിനെ രാവിലെ 7:40 ഓടെ ആശുപത്രിയിൽ എത്തിച്ചത്. തുടർച്ചയായ നിരാഹാരം മൂലം അദ്ദേഹത്തിന് കടുത്ത ശാരീരിക ബലഹീനതയുണ്ടെങ്കിലും ബോധക്ഷയം ഉണ്ടായതായി ചരിത്രമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അദ്ദേഹം പൂർണ്ണ ബോധാവസ്ഥയിലായിരുന്നുവെന്നും പൾസ്, രക്തസമ്മർദ്ദം, ഓക്സിജൻ്റെ അളവ് എന്നിവ സാധാരണ നിലയിലായിരുന്നുവെന്നും എന്നാൽ നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ ശക്തമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. രക്തപരിശോധനയിൽ ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതായും അസിഡോസിസ് ലക്ഷണങ്ങൾ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.
പ്രവേശിപ്പിക്കുമ്പോൾ 78 മില്ലിഗ്രാം ആയിരുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലവിൽ കുറഞ്ഞിരിക്കാനാണ് സാധ്യത. കൂടാതെ മൂത്രത്തിലെ കീറ്റോണിന്റെ അളവ് പ്രവേശന സമയത്ത് 1+ ആയിരുന്നത് ഉച്ചയ്ക്ക് ഒരു മണിയോടെ 3+ ആയി ഉയർന്നതായും പരിശോധനകളിൽ വ്യക്തമായി. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അടിയന്തരമായി സിരകളിലൂടെയുള്ള ദ്രാവകങ്ങൾ നൽകാൻ ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും വാങ്ചുക് അത് പൂർണ്ണമായും നിരസിക്കുകയായിരുന്നു. നിലവിൽ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷിച്ചുവരികയാണ്.








