ന്യൂഡൽഹി : ആക്ടിവിസ്റ്റ് മേധാ പട്കർ നൽകിയ മാനനഷ്ട കേസിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയെ കുറ്റവിമുക്തനാക്കി കോടതി. 25 വർഷം പഴക്കമുള്ള ക്രിമിനൽ മാനനഷ്ടക്കേസിൽ ആണ് കോടതി ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്. ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയെ എല്ലാ കുറ്റങ്ങളിൽ നിന്നും കുറ്റവിമുക്തനാക്കിയതായി ഡൽഹി സാകേത് കോടതി പ്രഖ്യാപിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രാഘവ് ശർമ്മയാണ് വ്യാഴാഴ്ച വിധി പറഞ്ഞത്.
2000 നവംബർ 10-ന് ഒരു ഇംഗ്ലീഷ് പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തെ തുടർന്നാണ് കേസിന്റെ ആരംഭം. അന്ന് വി.കെ. സക്‌സേന നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസിന്റെ പ്രസിഡന്റായിരുന്നു. ‘മിസ് മേധാ പട്കറിന്റെയും അവരുടെ നർമ്മദാ ബച്ചാവോ ആന്ദോളന്റെയും യഥാർത്ഥ മുഖം’ എന്ന തലക്കെട്ടിലായിരുന്നു ലേഖനം പ്രസിദ്ധീകരിച്ചിരുന്നത്. നർമ്മദാ ബച്ചാവോ ആന്ദോളനെയും മേധാ പട്കറിനെയും വിമർശിക്കുകയും ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ട് പദ്ധതിയെ പിന്തുണയ്ക്കുകയും ചെയ്തുകൊണ്ടായിരുന്നു ലേഖനം. തുടർന്ന് തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനും അപകീർത്തികരമായ പത്രക്കുറിപ്പ് നൽകിയതിനും എതിരെ അഹമ്മദാബാദ് ആസ്ഥാനമായുള്ള ‘കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസ്’ എന്ന എൻജിഒയുടെ തലവനായിരുന്ന വി കെ സക്സേനയുടെ പേരിൽ മേധ പട്കാർ കേസ് ഫയൽ ചെയ്യുകയായിരുന്നു.
പിന്നീട് 2006-ന്റെ തുടക്കത്തിൽ, ഒരു ടിവി പരിപാടിയിൽ നടത്തിയ പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ, മേധ പട്കറിനെതിരെ വി.കെ. സക്‌സേന പ്രത്യേക മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ആ കേസിൽ, വിചാരണ കോടതി മേധ പട്കറിനെ ശിക്ഷിച്ചിരുന്നു. സുപ്രീം കോടതി ശിക്ഷ ശരിവച്ചെങ്കിലും ഒരു ലക്ഷം രൂപ പിഴ ഒഴിവാക്കി. പിന്നീട് 2026 ജനുവരി 24-ന്, സക്‌സേനയ്ക്ക് യഥാർത്ഥ വീഡിയോ ദൃശ്യങ്ങളോ റെക്കോർഡിംഗ് ഉപകരണമോ ഹാജരാക്കാൻ കഴിയാത്തതിനാലും ആരോപണങ്ങൾ തെളിയിക്കപ്പെടാത്തതിനാലും, അതേ കേസിൽ മേധ പട്കറിനെ സാകേത് കോടതി കുറ്റവിമുക്തയാക്കിയിരുന്നു.











Discussion about this post