ശബരിമല തീർത്ഥാടനത്തിന് വെർച്വൽ ക്യൂ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്തിട്ട് ദർശനത്തിന് എത്താതിരിക്കുന്ന പ്രവണതയ്‌ക്കെതിരെ കർശന നടപടിയുമായി ഹൈക്കോടതി. യഥാർത്ഥ ഭക്തർക്ക് ദർശന അവസരം നിഷേധിക്കുന്ന ഈ ‘ബുക്കിംഗ് തട്ടിപ്പ്’ തടയാൻ നിലവിലുള്ള അഞ്ച് രൂപ ഫീസ് കുത്തനെ ഉയർത്താനാണ് നീക്കം. ഇതുസംബന്ധിച്ച ശുപാർശ ശബരിമല സ്‌പെഷ്യൽ കമ്മിഷണർ കോടതിക്ക് സമർപ്പിച്ചു.
കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് മിനിറ്റുകൾക്കകം ലക്ഷക്കണക്കിന് സ്ലോട്ടുകൾ ബുക്ക് ചെയ്യപ്പെട്ടെങ്കിലും, പല ദിവസങ്ങളിലും പകുതിയോളം പേർ ദർശനത്തിനെത്തിയിരുന്നില്ല. വെറും അഞ്ച് രൂപ മാത്രം ചിലവുള്ളതിനാൽ സ്ലോട്ട് നഷ്ടമായാലും സാമ്പത്തിക ബാധ്യതയില്ലെന്നതാണ് പലരെയും ഇതിന് പ്രേരിപ്പിക്കുന്നത്. ഈ നിരുത്തരവാദപരമായ സമീപനം കാരണം ദൂരദേശങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർക്ക് ദർശനം ലഭിക്കാത്ത സാഹചര്യം പതിവാകുകയാണ്. പുതിയ നിർദ്ദേശപ്രകാരം ബുക്കിംഗ് ഫീസ് ഉയർത്തുകയും, ദർശനം പൂർത്തിയാക്കി മടങ്ങുന്ന ഭക്തർക്ക് ഈ തുകയുടെ ഒരു ഭാഗം തിരികെ നൽകുകയും ചെയ്യുന്ന രീതിയാണ് പരിഗണനയിലുള്ളത്.
സംവിധാനം സുതാര്യമാക്കാനും ആചാരമര്യാദകൾ പാലിക്കുന്നവർക്ക് മുൻഗണന ഉറപ്പാക്കാനുമാണ് കോടതിയുടെ ശ്രമം. സെപ്റ്റംബറിന് മുൻപ് തന്നെ വെർച്വൽ ക്യൂ പരിഷ്കരണങ്ങളിൽ വ്യക്തത വരുത്താൻ ഹൈക്കോടതി സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും നിലപാട് തേടിയിട്ടുണ്ട്. തുക മടക്കി നൽകുന്നതിൽ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും, ‘ബുക്ക് ചെയ്ത് മുങ്ങുന്നവരെ’ തടയാൻ കർശനമായ സാമ്പത്തിക നിയന്ത്രണം അത്യാവശ്യമാണെന്ന് കോടതി വിലയിരുത്തുന്നു. ഇതോടെ വരാനിരിക്കുന്ന സീസണിൽ യഥാർത്ഥ ഭക്തർക്ക് കൂടുതൽ സുഗമമായ ദർശനം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.













Discussion about this post