ഭാരതത്തിലെ കുട്ടികൾക്കും കൗമാരക്കാർക്കും ഇടയിൽ വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അഡിക്ഷൻ (Digital Addiction) രാജ്യത്തിന്റെ സാമ്പത്തിക ഉൽപ്പാദനക്ഷമതയെയും മാനസികാരോഗ്യത്തെയും ഗുരുതരമായി ബാധിക്കുമെന്ന് 2025-26 സാമ്പത്തിക സർവ്വേ റിപ്പോർട്ട്. സ്മാർട്ട്ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും അമിത ഉപയോഗം തടയാൻ പ്രായപരിധി നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സർക്കാർ ആലോചിക്കണമെന്ന് ചീഫ് ഇക്കണോമിക് അഡ്വൈസർ വി. അനന്ത നാഗേശ്വരൻ തയ്യാറാക്കിയ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
ഡിജിറ്റൽ അഡിക്ഷനെ ഒരു ‘അലാം ബെൽ’ ആയിട്ടാണ് സർവ്വേ വിശേഷിപ്പിക്കുന്നത്. അമിതമായ ഗെയിമിംഗ്, സോഷ്യൽ മീഡിയ ഉപയോഗം എന്നിവ കുട്ടികളിൽ ഏകാഗ്രത കുറയ്ക്കാനും, ഉറക്കമില്ലായ്മയ്ക്കും, കടുത്ത ഉത്കണ്ഠയ്ക്കും കാരണമാകുന്നു. ഇത് യുവാക്കളുടെ തൊഴിൽ നൈപുണ്യത്തെയും ഭാവി വരുമാനത്തെയും ദോഷകരമായി ബാധിക്കും. ഏകദേശം 35 കോടിയോളം യുവാക്കൾ നിലവിൽ സോഷ്യൽ മീഡിയയിൽ സജീവമാണെന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
പ്രധാന ശുപാർശകൾ:
പ്രായപരിധി: കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിശ്ചിത പ്രായപരിധി ഏർപ്പെടുത്തുക.
ഡിജിറ്റൽ ഡയറ്റ്: സ്ക്രീൻ സമയം കുറയ്ക്കാൻ കുടുംബങ്ങളിൽ ‘ഡിവൈസ് ഫ്രീ’ മണിക്കൂറുകൾ പ്രോത്സാഹിപ്പിക്കുക.
സ്കൂളുകളിൽ നിയന്ത്രണം: സ്മാർട്ട്ഫോൺ ഉപയോഗം സ്കൂളുകളിൽ നിയന്ത്രിക്കുകയും ശാരീരിക വ്യായാമങ്ങൾ നിർബന്ധമാക്കുകയും ചെയ്യുക.
വിദേശ മാതൃകകൾ: ഓസ്‌ട്രേലിയയിലെ സോഷ്യൽ മീഡിയ നിരോധനം, ചൈനയിലെ ഗെയിമിംഗ് സമയം പരിമിതപ്പെടുത്തിയ നടപടി എന്നിവ ഭാരതവും ഗൗരവമായി കാണണം.
സോഷ്യൽ മീഡിയ ഉപയോഗം വർദ്ധിക്കുന്നത് ആത്മഹത്യാ നിരക്ക് കൂടുന്നതിനും സൈബർ ബുള്ളിയിംഗിനും കാരണമാകുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ടെലി-മാനസ് (Tele-MANAS) പോലുള്ള ഹെൽപ്പ് ലൈനുകൾ വിപുലീകരിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.












Discussion about this post