കൊഹിമ : നാഗാലാൻഡിന്റെ തെക്കൻ സുകോ താഴ്‌വരയിൽ പടർന്നു പിടിച്ച കാട്ടുതീ മണിപ്പൂരിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞദിവസം തീപിടുത്തത്തിൽ കുടുങ്ങിയ 30-ലധികം ട്രെക്കർമാരെ ഈ മേഖലയിൽ നിന്നും ഒഴിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി താഴ്‌വരയിൽ കാട്ടുതീ പടരുകയാണ്. മേഖലയിൽ എൻഡിആർഎഫിനെ വിന്യസിച്ചിട്ടുണ്ട്. തീ നിയന്ത്രിക്കാൻ കഴിയാത്തതിനെ തുടർന്ന് നാഗാലാൻഡ് സർക്കാർ വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്.
തീപിടുത്തത്തിന്റെ സ്ഥാനം കണക്കിലെടുത്ത് അട്ടിമറി സാധ്യത ഉണ്ടെന്നാണ് നാഗാലാൻഡ് സർക്കാരിന്റെ ഭാഗത്തുനിന്നുമുള്ള സൂചന. മണിപ്പൂരിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എസിയിലേക്ക് തീ പടരാൻ സാധ്യതയുണ്ട് എന്നാണ് കണക്ക് കൂട്ടുന്നത്. പതിറ്റാണ്ടുകളായി ട്രെക്കർമാരുടെയും പ്രകൃതിസ്‌നേഹികളുടെയും പ്രിയപ്പെട്ട സ്ഥലമാണ് സുകോ താഴ്‌വര. അടുത്തകാലത്തായി സോഷ്യൽ മീഡിയ റീൽസുകളിലൂടെ കൂടുതൽ ശ്രദ്ധേയമായ ഈ മനോഹരമായ പ്രദേശത്തേക്ക് ധാരാളം സഞ്ചാരികൾ ആയിരുന്നു ഒഴുകിയെത്തിയിരുന്നത്.
സുകോ താഴ്‌വരയ്ക്ക് സമീപമുള്ള നിവാസികളിൽ ഭൂരിഭാഗവും അംഗാമി നാഗ ഗോത്രത്തിൽ നിന്നുള്ളവരാണ്. മണിപ്പൂർ ആസ്ഥാനമായുള്ള മാവോ നാഗ ഗോത്രവും ഈ താഴ്‌വരയിൽ അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്. സുകോ താഴ്‌വരയിലെ ഒരു വിദൂര പ്രദേശത്ത് ആരംഭിച്ച തീപിടുത്തം, കുന്നുകൾക്കിടയിൽ ആയിരുന്നതിനാൽ ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ശ്രദ്ധയിൽപ്പെട്ടതെന്നാണ് പ്രദേശവാസികൾ സൂചിപ്പിക്കുന്നത്.











Discussion about this post