ന്യൂഡൽഹി : വ്യാപാര കരാറിൽ ധാരണയിലെത്തി ഇന്ത്യയും യു എസും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ടെലഫോണിൽ സംസാരിച്ചു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ വാഷിംഗ്ടൺ ഡിസിയിൽ യുഎസ് ഭരണകൂടവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ട്രംപും മോദിയും തമ്മിലുള്ള ടെലഫോൺ സംഭാഷണം നടന്നത്. തുടർന്ന് ഇന്ത്യയുമായുള്ള വ്യാപാര കരാർ യാഥാർത്ഥ്യമായതായും ഇന്ത്യയ്ക്കുമേൽ ഏർപ്പെടുത്തിയ തീരുവ 18 ശതമാനം ആയി കുറച്ചതായും ട്രംപ് അറിയിച്ചു.
തീരുവ 18 ശതമാനം ആയി കുറച്ചതായുള്ള ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി മോദി അദ്ദേഹത്തിന് നന്ദി അറിയിച്ചു. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും ട്രംപിന്റെ നേതൃത്വം നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഇന്ത്യ പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു. നമ്മുടെ പങ്കാളിത്തത്തെ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ അദ്ദേഹത്തോടൊപ്പം അടുത്ത് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.








