അയൽരാജ്യങ്ങൾക്കോ മറ്റ് വികസ്വര രാജ്യങ്ങൾക്കോ സ്വപ്നം കാണാൻ പോലുമാകാത്ത ഇളവുകളാണ് പ്രധാനമന്ത്രിയുടെ നയതന്ത്ര മികവിലൂടെ ഭാരതം നേടിയെടുത്തതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ രാജ്യത്തിന്റെ ഈ അഭിമാന നേട്ടത്തെ പാർലമെന്റിൽ തടസ്സപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മന്ത്രി രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഭാരതം ലോകത്തിന് മുന്നിൽ തലയുയർത്തുന്നത് കാണുമ്പോൾ രാഹുൽ ഗാന്ധിക്ക് എന്തിനാണ് ഇത്ര ‘മിർച്ചി’ (പുകച്ചിൽ) തോന്നുന്നതെന്ന് ഗോയൽ പരിഹസിച്ചു. രാജ്യത്തെ കർഷകരെയും ചെറുകിട വ്യാപാരികളെയും ഒരുപോലെ സഹായിക്കുന്ന ഈ കരാറിനെക്കുറിച്ച് സഭയിൽ വിശദീകരിക്കാൻ അനുവദിക്കാതെ ഹീനമായ പെരുമാറ്റമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
“മോദിജി തന്റെ സുഹൃദ്ബന്ധം ഉപയോഗിച്ച് ഭാരതത്തിനായി നേടിയെടുത്തത് ലോകത്തെ ഏറ്റവും മികച്ച വ്യാപാര കരാറാണ്. ഇതിൽ വിറളിപിടിച്ച രാഹുൽ ഗാന്ധിയും കോൺഗ്രസും പാർലമെന്റിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയാണ്. ഭാരതത്തിന്റെ വികസനത്തെ എതിർക്കുന്ന ഇവർ രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന്” – പിയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷം ഉന്നയിക്കുന്ന വ്യാജാരോപണങ്ങളെ തള്ളിക്കളഞ്ഞ മന്ത്രി, കരാറിൽ ഇന്ത്യയുടെ കാർഷിക-ക്ഷീര മേഖലകൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പിച്ചു പറഞ്ഞു. പണ്ട് കോൺഗ്രസ് ഭാരതത്തെ RCEP എന്ന ചൈനീസ് അനുകൂല കരാറിലേക്ക് തള്ളിവിടാൻ ശ്രമിച്ചപ്പോൾ അതിൽ നിന്ന് രാജ്യത്തെ രക്ഷിച്ചത് മോദിജിയാണ്. അതേ ജാഗ്രത ഈ യുഎസ് കരാറിലും പുലർത്തിയിട്ടുണ്ട്. അമേരിക്കൻ ഉൽപ്പന്നങ്ങളുടെ കുത്തൊഴുക്കിൽ നിന്ന് നമ്മുടെ കർഷകരെയും ക്ഷീര കർഷകരെയും സംരക്ഷിക്കാൻ പ്രത്യേക നിബന്ധനകൾ കരാറിലുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
എന്തുകൊണ്ട് ട്രംപ് ആദ്യം പ്രഖ്യാപിച്ചു?
അമേരിക്കൻ പ്രസിഡന്റ് ആദ്യം കരാർ പ്രഖ്യാപിച്ചതിനെ ‘ട്രംപ് നിർഭരത’ എന്ന് പരിഹസിച്ച ജയറാം രമേശിനും ഗോയൽ മറുപടി നൽകി. “അമേരിക്കയാണ് ഇന്ത്യക്ക് മേൽ അധിക താരിഫ് ചുമത്തിയത്. അത് പിൻവലിക്കേണ്ടതും കുറയ്ക്കേണ്ടതും അവരുടെ തീരുമാനമാണ്. അതുകൊണ്ട് തന്നെ അമേരിക്ക ആദ്യം പ്രഖ്യാപനം നടത്തുന്നതിലാണ് സാങ്കേതികമായ ശരി,” അദ്ദേഹം പറഞ്ഞു.
എംഎസ്എംഇ, ടെക്സ്റ്റൈൽസ്, ഐടി, ജെംസ് ആൻഡ് ജ്വല്ലറി മേഖലകളിൽ ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് ഈ കരാർ വഴി സൃഷ്ടിക്കപ്പെടാൻ പോകുന്നത്. വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്ന് രാജ്യം മുഴുവൻ വിശ്വസിക്കുന്നു. ഭാരതത്തിന്റെ ഈ വൻ കുതിപ്പിനെ തുരങ്കം വെക്കാൻ ശ്രമിക്കുന്ന രാജ്യദ്രോഹ ശക്തികളെ ജനങ്ങൾ തിരിച്ചറിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.








