ചോറും ചപ്പാത്തിയും നമ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങൾ. എന്നാൽ ഇവയിൽ ഏതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണകരമെന്ന ചർച്ച ഡൈനിംഗ് ടേബിളുകളിൽ ഇന്നും സജീവമാണ്. തടി കുറയ്ക്കാനും സുഗമമായ ദഹനത്തിനും ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്ന കാര്യത്തിൽ പലർക്കും ഇന്നും വ്യക്തതയില്ല. 2026-ൽ പുറത്തുവന്ന പുതിയ പഠനങ്ങളുടെയും പോഷകാഹാര വിദഗ്ധരുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ ഈ ‘റൈസ് v\S റോട്ടി’ പോരാട്ടത്തിലെ യഥാർത്ഥ വിജയിയെ കണ്ടെത്താം.
ദഹനത്തിന്റെ കാര്യമെടുത്താൽ ചോറിനാണ് മുൻതൂക്കം. നാരുകൾ കുറവായതിനാൽ വെളുത്ത ചോറ് വയറിന് വളരെ ലഘുവായ ഒന്നാണ്. ഗ്യാസ്, അസിഡിറ്റി, വയറു വീർക്കൽ (Bloating) തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് ചോറാണ് നല്ലതെന്ന് പ്രശസ്ത ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ വ്യക്തമാക്കുന്നു. എന്നാൽ ഗോതമ്പ് ചപ്പാത്തിയിൽ നാരുകൾ (Fibre) ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഒഴിവാക്കാനും കുടലിന്റെ ആരോഗ്യത്തിനും നല്ലതാണെങ്കിലും ദഹിക്കാൻ കൂടുതൽ സമയം എടുക്കും. ദഹനശേഷി കുറഞ്ഞവർക്കും സെൻസിറ്റീവ് ആയ വയറുള്ളവർക്കും ചപ്പാത്തി പലപ്പോഴും ‘ഭാരമായി’ അനുഭവപ്പെടാറുള്ളത് അതുകൊണ്ടാണ്.
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചോറ് പൂർണ്ണമായും ഒഴിവാക്കണമെന്നത് ഒരു തെറ്റായ ധാരണയാണ്. വണ്ണം കൂടുന്നത് ചോറ് കഴിക്കുന്നത് കൊണ്ടല്ല, മറിച്ച് കഴിക്കുന്ന അളവ് കൂടുന്നത് കൊണ്ടാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചപ്പാത്തി കഴിച്ചാൽ കൂടുതൽ നേരം വിശക്കാതിരിക്കും എന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഘടകമാണ്. എന്നാൽ പിസിഒഎസ് (PCOS), ഗ്ലൂട്ടൻ അലർജി, ഐബിഎസ് (IBS) തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് ചപ്പാത്തിയേക്കാൾ നല്ലത് ചോറാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് രാശി ചൗധരി പറയുന്നു. ചോറ് കഴിക്കുമ്പോൾ പച്ചക്കറികളും പ്രോട്ടീനും (പരിപ്പ്, മുട്ട, മാംസം) ധാരാളമായി ഉൾപ്പെടുത്തിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയാം.
ചോറായാലും ചപ്പാത്തിയായാലും അവ കഴിക്കുന്ന രീതിയാണ് പ്രധാനം. അളവ് നിയന്ത്രിക്കുക, രാത്രി വളരെ വൈകി ഭക്ഷണം കഴിക്കാതിരിക്കുക, സാവധാനം ചവച്ചരച്ച് കഴിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. സന്തുലിതമായ രീതിയിൽ കഴിച്ചാൽ ചോറും ചപ്പാത്തിയും ആരോഗ്യത്തിന് ഒരുപോലെ നല്ലതാണ്. നിങ്ങളുടെ ശരീരപ്രകൃതിക്കും ദഹനശേഷിക്കും അനുയോജ്യമായത് ഏതാണെന്ന് തിരിച്ചറിഞ്ഞ് വേണം ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ.








